വിവരാവകാശ കമ്മീഷണര്‍ നിയമനം:  ശുപാര്‍ശ മാത്രമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍

കൊച്ചി: വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതിയുടെ ശുപാര്‍ശ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അതിനാല്‍ അപക്വമായ ഘട്ടത്തിലാണ് നടപടികള്‍ റദ്ദാക്കാനുള്ള ഹരജികളെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റൊരു മന്ത്രിയും ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് പൊതുഭരണ അണ്ടര്‍ സെക്രട്ടറി സി വി പ്രദീപ്കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമനം നടക്കാത്ത സാഹചര്യത്തില്‍ വെറും ശുപാര്‍ശ മാത്രമാണു നിലവിലുള്ളത്. ഇത് ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. ശുപാര്‍ശയെ ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനാവില്ല. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് കമ്മീഷണര്‍മാരുടെയും നിയമനത്തിന് രണ്ടുതവണ വിജ്ഞാപനം നടത്തിയാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 299 അപേക്ഷകള്‍ ലഭിച്ചതില്‍ 30 എണ്ണം യോഗ്യതയില്ലാത്തവയായിരുന്നു. ശേഷിക്കുന്ന 259 അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി. മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കു വേണ്ടി നാലും അഞ്ച് വിവരാവകാശ കമ്മീഷണര്‍മാര്‍ക്കു വേണ്ടി 15ഉം പേരടങ്ങുന്നവരുടെ ചുരുക്കപ്പട്ടികയാണു തയ്യാറാക്കിയത്. സുതാര്യത ഉറപ്പുവരുത്താനാണ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെയും വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്.
പ്രതിപക്ഷനേതാവിന്റെ കൂടി അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. എന്നാല്‍, ഹരജിക്കാരന്‍െ പേര് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരവും സുപ്രിംകോടതി മാര്‍ഗനിര്‍ദേശ പ്രകാരവുമുള്ള യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവരെയാണ് നിയമനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലെ തസ്തികയിലേക്കുള്ള നിയമനം പോലെ യോഗ്യതാ പരീക്ഷയുടെയോ മുഖാമുഖത്തിന്റെയോ അടിസ്ഥാനത്തിലല്ല വിവരാവകാശ കമ്മീഷന്റെ നിയമനം.
അപേക്ഷകരുടെ യോഗ്യതയും മറ്റും വിശദമായി പരിശോധിച്ച് ഉന്നതതല സമിതിക്ക് ബോധ്യം വരുന്നവരെ മാത്രമേ നിയമനത്തിനായി ശുപാര്‍ശ ചെയ്യൂ. ഇത്തരത്തില്‍ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ തെറ്റു കണ്ടെത്താനോ തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു പറയാനോ ഹരജിക്കാരന് അധികാരമില്ലെന്നും സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. വിവരാവകാശ കമ്മീഷന്‍നിയമനം ചോദ്യംചെയ്തു സമര്‍പിച്ച വിവിധ ഹരജികളിലാണ് സര്‍ക്കാര്‍ വിശദീകരണം.
Next Story

RELATED STORIES

Share it