Flash News

വിവരാവകാശ ഇടപെടല്‍; ഹൈക്കോടതി വിധി തിരുത്തി

കൊച്ചി: വിവരാവകാശ നിയമത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഇടപെടലിന്റെ ഫലമായി കേരള ഹൈക്കോടതി, വിധിയിലെ അക്ഷരത്തെറ്റുകള്‍ തിരുത്തി. വിവാദമായ ഡോ. ഹാദിയ കേസില്‍ ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ പുറപ്പെടുവിച്ച വിധിയിലെ തെറ്റുകളാണ് ഹൈക്കോടതി തിരുത്തിയത്. കേസിന്റെ വാദത്തിനിടെ ഡോ. ഹാദിയയും ഷഫിന്‍ ജഹാനും സമര്‍പ്പിച്ച രേഖകളിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി പഞ്ചായത്തില്‍ നല്‍കിയ രശീതിയില്‍ ഷെഫിന്‍ എന്നും മറ്റ് സര്‍ട്ടിഫിക്കറ്റുകളില്‍ ഷഫിന്‍ എന്നുമാണെന്നും അതുകൊണ്ട് ഇവയൊന്നും തെളിവായി സ്വീകാര്യമല്ല എന്ന നിലപാടും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. അന്തിമ വിധിയിലും ഈ വിഷയത്തില്‍ കഠിനമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍, അന്തിമ വിധിന്യായത്തില്‍ കേസിലെ കക്ഷികളുടെ പേരുകളില്‍ വ്യാപകമായ അക്ഷരത്തെറ്റുകളുണ്ടായിരുന്നു. ഷഫിന്‍ ജഹാന്റെ പേര് ഷഫൈന്‍ ജഹാന്‍ എന്നടക്കം മൂന്നു രീതിയില്‍ തെറ്റായാണ് എഴുതിയത്. കൂടാതെ ഹാദിയയുടെ പിതാവിന്റെ പേര് രണ്ടു രീതിയിലും മറ്റു പലരുടെ പേരുകളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പ്രസ്തുത വിധിന്യായം ഇതേ തെറ്റുകളോടെ ഹൈക്കോടതിയുടെ വെബ്‌സൈറ്റി ല്‍ അപ്‌ലോഡ് ചെയ്തു. ഈ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി, ഇവ തെറ്റാണോ എന്നും തെറ്റുകളുടെ ഉത്തരവാദി ആരെന്ന് അറിയാനും തിരുത്തിയ കോപ്പി ഹൈക്കോടതിയുടെ കൈവശമുണ്ടോ, അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകന്‍ ശിഹാബുദ്ദീന്‍ മൗലവി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഇതിനു മറുപടിയായി ഈ കാര്യങ്ങള്‍ വിവരാവകാശ നിയമത്തിലെ നിര്‍വചനപ്രകാരം വിവരം എന്നതില്‍ പെടുന്നില്ല എന്നതായിരുന്നു ഹൈക്കോടതിയിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട്. ഇതിനെതിരേ അപ്പീലുമായി ഹൈക്കോടതി വിവരാവകാശ അപ്പലറ്റ് അതോറിറ്റിയായ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചു. അപ്പീല്‍ അനുവദിച്ച അപ്‌ലോഡ് അതോറിറ്റി കോടതിവിധിയില്‍ സംഭവിച്ചത് അക്ഷരത്തെറ്റുകളാണെന്ന് സമ്മതിക്കുകയും തെറ്റുകള്‍ തിരുത്തിയ വിധിന്യായം ഹൈക്കോടതിയില്‍ സൂക്ഷിക്കുന്നതായും അപ്‌ലോഡ് ചെയ്തതായും രേഖാമൂലം മറുപടി നല്‍കി. എന്നാല്‍, ഈ മറുപടിയില്‍ പൂര്‍ണതൃപ്തനല്ലെന്നും വിധിന്യായത്തിലെ തെറ്റുകളുടെ ഉത്തരവാദി ആരെന്ന് അറിയാന്‍ വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കുമെന്നും ശിഹാബുദ്ദീന്‍ മൗലവി അറിയിച്ചു.
Next Story

RELATED STORIES

Share it