Editorial

വിഴിഞ്ഞം പദ്ധതി: ആശങ്കകള്‍ സര്‍ക്കാര്‍ ദൂരീകരിക്കണം

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണത്തിന് തുടക്കമായിരിക്കുന്നു. നാലുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പദ്ധതി 1,000 ദിവസത്തിനകം സാക്ഷാല്‍ക്കരിക്കാനാവുമെന്ന പ്രതീക്ഷയാണ് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് മേധാവി പ്രകടിപ്പിച്ചത്. 1991ലാണ് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. വന്‍ മുതല്‍മുടക്കുള്ള പദ്ധതിയായതിനാല്‍ സ്വകാര്യ പങ്കാളിത്തം അനിവാര്യമായി. അതിന്റെ വ്യവസ്ഥകളും നടത്തിപ്പും സ്വാഭാവികമായും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു.
ആഗോളതലത്തില്‍ വന്‍ ഹബ്ബ് ആയി മാറുമെന്നു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനു വേണ്ടി എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പ് മാത്രം രംഗത്തുണ്ടായതെന്ന ചോദ്യം അവശേഷിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധങ്ങളും അതുവഴി വന്‍ വ്യവസായശൃംഖല കെട്ടിപ്പടുത്തതിന്റെ വിവരങ്ങളും ഇന്ന് രഹസ്യമല്ല. ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഇത്തരം പദ്ധതികളെക്കുറിച്ച് പൊതുവില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നത് വിസ്മരിക്കാനാവില്ല.
7,525 കോടി രൂപയുടെ പദ്ധതിയില്‍ 5,071 കോടി രൂപയും മുടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ബാക്കി 2,454 കോടി രൂപ അദാനി പോര്‍ട്‌സ് മുടക്കുമെന്നാണു കരുതുന്നത്. തുറമുഖത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും നിയന്ത്രണവും അദാനിക്ക് മാത്രമാണ്. സര്‍ക്കാരിന് നിയന്ത്രണവും അധികാരവുമില്ല. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍നിന്നു സര്‍ക്കാരിന് വരുമാനമോ ലാഭവിഹിതമോ ഇല്ല. അദാനി തുറമുഖത്തെ ലാഭത്തിലെത്തിക്കുമെന്ന് ഉറപ്പിക്കാനുള്ള ഒരു വ്യവസ്ഥയും കരാറിലില്ല, മറിച്ച് തുറമുഖം പരാജയപ്പെട്ടാലും നഷ്ടം നേരിടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉണ്ടുതാനും തുടങ്ങിയ അല്‍പ്പം വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ചികില്‍സാകേന്ദ്രം, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ തുറമുഖത്തിന് അനുബന്ധമായി ആരംഭിക്കുന്നുമുണ്ട്. അതിന്റെ ഉടമസ്ഥതയും അദാനി ഗ്രൂപ്പിന് തന്നെയായിരിക്കുമെന്നാണു കരുതുന്നത്.
തുറമുഖ നിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേകാനുമതിയിലൂടെ കേരളത്തിന്റെ വിഭവങ്ങള്‍ ചൂഷണംചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നു. നികുതിപ്പണം ചെലവഴിക്കുന്ന പദ്ധതികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അത് സാധാരണ നികുതിദായകന്റെ ചുമലില്‍ തന്നെയാണ് വന്നുവീഴുക. അതിനാല്‍ വിഴിഞ്ഞം പദ്ധതി സംബന്ധമായ ദുരൂഹതകള്‍ നീക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ തുക ചെലവഴിക്കുന്നതെന്നനിലയില്‍ വ്യക്തമായ ഉടമസ്ഥതയും നിയന്ത്രണവും സര്‍ക്കാരിന് പദ്ധതിയില്‍ ഉണ്ടാവണം.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ വികസനത്തിന്റെ ഇരകളുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഏറ്റെടുത്ത സ്ഥലമുടമകള്‍ക്ക് നിയമാനുസൃത പ്രതിഫലവും പുനരധിവാസ സൗകര്യങ്ങളും ഒട്ടും വൈകാതെ ലഭ്യമാക്കുന്നതിനും ഫലപ്രദമായ നടപടികളുണ്ടാവണം. നഷ്ടപരിഹാരം നല്‍കാന്‍ 475 കോടി രൂപയുടെ പാക്കേജ് ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അത് വാക്കില്‍ ഒതുങ്ങിപ്പോവരുത്.
Next Story

RELATED STORIES

Share it