Editorial

വിഴിഞ്ഞം പദ്ധതിയും ഇരുമുന്നണികളും



അങ്ങനെ ഒരിക്കല്‍ കൂടി നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍, നിയമസഭയില്‍ എപ്പോഴും കടിപിടി കൂടുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ടിരിക്കുന്നു. നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങളുടെ വിഷയത്തില്‍ മാത്രമാണ് ഇത്തരം യോജിപ്പ് മുമ്പ് കണ്ടിട്ടുള്ളത്. അകത്തു വി എസ് അച്യുതാനന്ദനും പുറത്ത് വി എം സുധീരനുമൊക്കെ എത്ര പ്രതിഷേധിച്ചാലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും അത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നുമുള്ള കാര്യത്തില്‍ ഇരുമുന്നണി നേതാക്കന്‍മാരും ഒറ്റമനസ്സായി നില്‍ക്കുന്നു. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചു പറഞ്ഞതില്‍നിന്നു ഗ്രഹിക്കാന്‍ കഴിയുന്ന കാര്യം, ഇപ്പോഴത്തെ വ്യവസ്ഥകളുമായി മുന്നോട്ടുപോയാല്‍ അദാനി ഗ്രൂപ്പിന്റെ വന്‍ വികസനത്തിനു മാത്രമേ പദ്ധതി സഹായിക്കൂ എന്നാണ്. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ സര്‍ക്കാരിന് 5,608 കോടി രൂപ നഷ്ടമുണ്ടാവുമ്പോള്‍ അദാനി ഏതാണ്ട് 30,000 കോടി രൂപ പോക്കറ്റിലാക്കും. മൊത്തം 80,000 കോടി രൂപയോളം എന്നൊരു കണക്കുമുണ്ട്.പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ നവലിബറല്‍ ധനശാസ്ത്ര വിദഗ്ധന്‍മാര്‍ പൊലിമയോടെ അവതരിപ്പിച്ച പിപിപി ഇന്ത്യയില്‍ പൊതുവില്‍ സ്വകാര്യമേഖലയ്ക്കു പൊതുമുതല്‍ അടിച്ചെടുക്കാനുള്ള ഒരു തന്ത്രമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ നിബന്ധനകള്‍ മിക്കതും അദാനി ഗ്രൂപ്പിനുവേണ്ടി തയ്യാറാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് സിഎജിയുടെ നിരീക്ഷണങ്ങള്‍. സാധാരണ പിപിപി പദ്ധതിക്ക് 30 വര്‍ഷം കാലാവധി വയ്ക്കുമ്പോള്‍ വിഴിഞ്ഞത്ത് അത് 40 വര്‍ഷമാണ്. യുഡിഎഫ് സര്‍ക്കാരാണ് പത്തുവര്‍ഷം ദാനം ചെയ്തത്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിയുടെ കാലാവധി 30 വര്‍ഷം മാത്രമാണ്. വലിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് വില കണക്കാക്കിയതിലും പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലും മറ്റു പദ്ധതികളില്‍നിന്നു വ്യത്യസ്തമായ വര്‍ധനയാണു കാണിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖത്തുനിന്ന് യൂസര്‍ ഫീ പിരിക്കാന്‍ അദാനി ഗ്രൂപ്പിന് അനുവാദം നല്‍കിയതിലൂടെ കോടികളാണ് നഷ്ടം വരുക. മാത്രമല്ല, റിയല്‍ എസ്‌റ്റേറ്റ് വികസനത്തിനായി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഹെക്ടര്‍കണക്കിന് ഭൂമി നല്‍കുന്നുവെങ്കിലും പദ്ധതി അവസാനിക്കുമ്പോള്‍ അത് തിരിച്ചുപിടിക്കുന്നതിനു വ്യവസ്ഥയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിനു ഗുണകരമല്ലെന്നും അദാനിയുമായി യുഡിഎഫ് രഹസ്യധാരണയില്‍ എത്തിയെന്നും ഇടതുമുന്നണി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ വിഴിഞ്ഞം കരാറും ശരിയാക്കുമെന്ന സൂചനയും മുന്നണി നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍, അസംബ്ലിയില്‍ സിഎജി റിപോര്‍ട്ടിനോട് പ്രതികരിക്കവെ ധനമന്ത്രി, സിഎജി പറഞ്ഞതൊക്കെ തങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ പദ്ധതി തുടരുമെന്നും പറയുന്നു. പൊതുജനം കഴുതയാണെന്നു പറയാറുണ്ട്. എന്നാല്‍, ഇത്ര പരസ്യമായി അവരെ കഴുതകളാക്കേണ്ടിയിരുന്നുവോ?
Next Story

RELATED STORIES

Share it