വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരജി: ജഡ്ജിമാര്‍ പിന്‍മാറി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കേസില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും അതിനാലാണു പിന്‍മാറുന്നതെന്നുമാണ് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസുമാരായ ജെ എസ് ഖേഹാര്‍, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ വ്യക്തമാക്കിയത്.

ഇതോടെ കേസ് സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തുകാരനായ പരാതിക്കാരന്‍ ന ല്‍കിയ ഹരജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഗൗരവമേറിയതാണ്. ഇതു വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ വ്യക്തമാക്കി.പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ആന്റോ ഏലിയാസാണ് ഹരജി നല്‍കിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും വാദം പൂര്‍ത്തിയായിട്ടില്ല. ഇതിനു മുമ്പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നാണു ഹരജിക്കാരുടെ വാദം. പദ്ധതിപ്രദേശം താന്‍ സന്ദര്‍ശിച്ചതാണെന്നും പദ്ധതിയുടെ അനുമതി റദ്ദാക്കിയാല്‍ നിര്‍മാണപ്രവര്‍ത്തനം നടന്ന സ്ഥലത്തെ പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിക്കില്ലെന്നു തനിക്കു ബോധ്യമായിട്ടുണ്ടെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി. കേസ് 13ന് വീണ്ടും പരിഗണിക്കും. പദ്ധതി നിര്‍ത്തിവയ്ക്കുകയാണെങ്കില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുമെന്ന് തുറമുഖ കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it