വില്‍പനയ്ക്ക് എത്തിക്കുന്നതു വിഷമയമായ പച്ചക്കറികള്‍; ഹോര്‍ട്ടികോര്‍പ് തട്ടിപ്പിന്റെ കേന്ദ്രമെന്ന് സ്റ്റാള്‍ ലൈസന്‍സികള്‍

തിരുവനന്തപുരം: വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സംരംഭമായ ഹോര്‍ട്ടികോര്‍പില്‍ നടക്കുന്നത് വന്‍ അഴിമതിയും തട്ടിപ്പുമെന്ന് ഹോര്‍ട്ടികോര്‍പ് സ്റ്റാള്‍ ലൈസന്‍സികള്‍. ചെറുകിട കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന വിഷരഹിതമായ പച്ചക്കറി ന്യായമായ വിലയ്ക്ക് ജനങ്ങളിലെത്തിക്കുക എന്ന നിര്‍ദേശം ഉദ്യോഗസ്ഥലോബികള്‍ അട്ടിമറിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറികള്‍ ഹോള്‍സെയില്‍ വ്യാപാരികളില്‍ നിന്നു വാങ്ങി ഔട്ട്‌ലെറ്റുകളില്‍ എത്തിക്കുകയാണ് ഹോര്‍ട്ടികോര്‍പ് ചെയ്യുന്നത്. ആനയറ, നെടുമങ്ങാട് എന്നിവിടങ്ങളിലെ വേള്‍ഡ് മാര്‍ക്കറ്റുകളില്‍ നിന്ന് 70 മുതല്‍ 100 ടണ്‍ വരെ പച്ചക്കറികള്‍ സംഭരിക്കും. കൂടുതല്‍ പച്ചക്കറികള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വിലക്കുറവ് ലഭിക്കും. ഇത് ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയും ചെറുകിട കച്ചവടക്കാരില്‍ നിന്നെന്ന വ്യാജേന സ്റ്റാളുകളില്‍ എത്തിക്കുകയുമാണു പതിവെന്ന് സ്റ്റാള്‍ ലൈസന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിനംപ്രതി 40 മുതല്‍ 90 ലക്ഷം വരെ വിലവരുന്ന പച്ചക്കറികള്‍ ശേഖരിക്കുക വഴി ലക്ഷങ്ങളാണ് ഉദ്യോഗസ്ഥരുടെ കൈകളിലെത്തുന്നത്.
ചാല മാര്‍ക്കറ്റിലേതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണു പല ഹോര്‍ട്ടികോര്‍പ് സ്റ്റാളുകളിലും പച്ചക്കറികള്‍ വില്‍ക്കുന്നത്. മൊത്തക്കച്ചവടക്കാരില്‍ നിന്നു വാങ്ങി തിരഞ്ഞെടുക്കുന്ന പച്ചക്കറികള്‍ ഗ്രേഡുകള്‍ മാറ്റി വിഷരഹിതമെന്ന വ്യാജേനയാണ് ജനങ്ങളിലെത്തിക്കുന്നത്. ഓണക്കാലത്ത് അഞ്ചുമുതല്‍ 10 കോടി രൂപവരെ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പിന് സബ്‌സിഡി ഇനത്തില്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ വിലകുറച്ച് വില്‍ക്കുന്നതിന് വേറെയും ഗ്രാന്റുകള്‍ ലഭ്യമാവുന്നുണ്ട്. എന്നാല്‍, വിലകുറഞ്ഞ പച്ചക്കറികള്‍ക്കു മാത്രം, കുറച്ച് ദിവസം സബ്‌സിഡി നല്‍കി ആ തുകയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നു തട്ടിച്ചെടുക്കുന്നു. ഇവ കൃത്യ സമയത്ത് സ്റ്റാളുകളില്‍ എത്തിക്കുകയോ ആവശ്യപ്പെടുന്ന പച്ചക്കറികള്‍ എത്തിക്കുകയോ ചെയ്യില്ല. അക്കാര്യം പരാതിപ്പെടുമ്പോള്‍ പല സ്റ്റാള്‍ ഉടമകളെയും പുറത്താക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ധനകാര്യവകുപ്പ് പൂജപ്പുരയിലെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. അവിടെ ലഭ്യമായ ബില്ലുകള്‍ പരിശോധിക്കുകയും നമ്പറുകളില്‍ വിളിക്കുകയും ചെയ്തപ്പോള്‍ അത്തരത്തില്‍ കടകള്‍ നിലവിലില്ലെന്ന കാര്യം ബോധ്യപ്പെട്ടിരുന്നു. ഈ അന്വേഷണം അവസാനിക്കും മുമ്പ് കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അസോസിയേഷന്‍ പ്രതിനിധികളായ ടി ഷാജി, സുമ സുമേഷ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it