Kottayam Local

വിലക്കു ലംഘിച്ച് ചരക്കുലോറിയില്‍ തീര്‍ത്ഥാടകര്‍; പോലിസ് പിടികൂടി

എരുമേലി: കരിങ്കല്ലുമ്മുഴിയില്‍ റോഡിന് നടുക്ക് നിന്ന പോലിസുകാര്‍ കൈ കാട്ടി നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയത് അവഗണിച്ച് അതിവേഗത്തില്‍ പോയ   ടോറസ് ലോറി പിടികൂടി.ടാര്‍പോളിന്‍ മൂടിയ ലോറിയിലുണ്ടായിരുന്നത് 60 ഓളം അയ്യപ്പഭക്തരായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കരിങ്കല്ലുമുഴിയില്‍ നിര്‍ത്താതെ ലോറി പാഞ്ഞ ഉടനെ വയര്‍ലെസ് വഴി വിവരം പോലിസ് കൈമാറി. തുടര്‍ന്ന് എംഇഎസ് കോളജ് ജങ്ഷനില്‍ പോലിസും മോട്ടോര്‍ വാഹനവകുപ്പും കാത്തുനിന്ന് ലോറി പിടികൂടുകയായിരുന്നു.
ലോറിക്കുള്ളില്‍ ബര്‍ത്തുകളുണ്ടായിരുന്നു. അതില്‍ ഉറങ്ങാന്‍ കിടന്ന ഭക്തര്‍ ലോറി പാഞ്ഞതിന്റെ കുലുക്കത്തില്‍ താഴെ വീഴുകയും ചെയ്തിരുന്നു. മണല്‍ നിറച്ചതിന് ശേഷം പടുത മൂടിയതായിരുന്നു ഇരിപ്പിടങ്ങള്‍.എതാനും വര്‍ഷം മുമ്പ് കണമല ഇറക്കത്തില്‍ ലോറി മറിഞ്ഞ് അയ്യപ്പഭക്തര്‍ മരിച്ച അപകടത്തിലെ മരണകാരണം ഇരിപ്പിടമായിരുന്ന മണല്‍ മൂക്കിലും വായിലും നിറഞ്ഞ് ശ്വാസം മുട്ടിയത് മൂലമായിരുന്നു. ഇതേ നിലയിലാണ് ഈ ലോറിയിലും മണല്‍ നിറച്ച ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നത്. ലോറി പിടികൂടി എരുമേലിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ച ശേഷം ഭക്തരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടു.
കണമലയിലുണ്ടായ ലോറി അപകടത്തെ തുടര്‍ന്നാണ് ചരക്ക് വാഹനങ്ങളിലുള്ള തീര്‍ത്ഥാടക യാത്ര നിയമം മൂലം നിരോധിക്കപ്പെട്ടത്. അപകടത്തില്‍പെടുന്ന വാഹനം ചരക്ക് വാഹനമാണെങ്കില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് മാത്രമല്ല അനധികൃത യാത്രയായതിനാല്‍ ധനസഹായം അനുവദിക്കാനും സര്‍ക്കാരിനും കഴിയില്ല. തെലുങ്കാനയില്‍ നിന്നുള്ള ഭക്തരുമായാണ്  ടോറസ് ലോറിയെത്തിയത്.കേരളാ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ലോറി പരിശോധിച്ചപ്പോള്‍ ഭക്തരെ പുറത്തിറക്കി നടത്തി അതിര്‍ത്തി കടത്തിയിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it