palakkad local

വിരല്‍ത്തുമ്പില്‍ സ്ത്രീസുരക്ഷയുമായി ജില്ലാ പോലിസിന്റെ 'ജാഗ്രത'



ഒലവക്കോട്: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പാലക്കാട് ജില്ലാ പോലിസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ജാഗ്രത ശ്രദ്ധേയമാകുന്നു. സ്വയം സഹായം ആവശ്യമായിവരുന്ന സാഹചര്യങ്ങളിലും കണ്‍മുന്നില്‍ ഇരയാകുന്നവരെ സഹായിക്കാനും പ്രയോജനകരമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരം കൊച്ചി ആസ്ഥാനമായ മോബിസ് ഇന്നൊവേഷന്‍സ് ആന്റ് റിസര്‍ച്ച് ലിമിറ്റഡ് ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. കല്ലടിക്കോട് റോട്ടറി ക്ലബ്ബാണു സാമ്പത്തിക സഹായം നല്‍കുന്നത്. ജാഗ്രത ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസത്തില്‍ നടത്തിയിരുന്നു.  ജിപിഎസ് സൗകര്യമുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്കു ജാഗ്രതയുടെ സുരക്ഷ നേടാനാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ജാഗ്രത ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു നമ്മുടെ വീട്ടുകാരുടെയോ വളരെ വേണ്ടപ്പെട്ടവരുടെയോ ആയ അഞ്ചു പേരുകളും മൊബൈല്‍ നമ്പറുകളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താം. അപകടത്തില്‍പ്പെടുകയോ ആക്രമണങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുമ്പോഴും കളവുകള്‍, പിടിച്ചുപറി, അടിപിടി തുടങ്ങിയവ കാണുകയോ ഇരയാവുകയോ ചെയ്താലും ആപ്ലിക്കേഷനിലെ ഹെല്‍പ് മി അമര്‍ത്തിയാല്‍ ഒരേ സമയം തൊട്ടടുത്ത പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുവരെ സഹായ അഭ്യര്‍ഥന ലഭിക്കും.
Next Story

RELATED STORIES

Share it