വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയുമായി രാജസ്ഥാനില്‍ സെമിനാര്‍

ജയ്പൂര്‍: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും എതിര്‍പ്രചാരണമഴിച്ചുവിടുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംയുക്ത് സംഘര്‍ഷ് മോര്‍ച്ച സെമിനാര്‍. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ വിനോഭാ ഭവനില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
രാജസ്ഥാനിലും രാജ്യത്ത് പൊതുവെയും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച കാഴ്ചപ്പാടുകള്‍ പ്രതിനിധികള്‍ പങ്കുവച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ള അവകാശവും അടക്കമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഭീതിയുടെ അന്തരീക്ഷവും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലാണെന്നും ഫാഷിസം ദിനംപ്രതി വളരുകയാണെന്നും തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്താകമാനം സംഭവിക്കുന്നത്. ഈ പ്രവണതയ്‌ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മതേതര ശക്തികള്‍ ഒരുമിച്ചു കൈകോര്‍ക്കണമെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സെമിനാര്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നിരോധനം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പിറകെ ലെനിന്റെയും അംബേദ്കറുടെയും പെരിയാറിന്റെയും മഹാത്മാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ത്ത സംഭവങ്ങളെ സെമിനാര്‍ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ നടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വര്‍ഗീയശക്തികളുടെ സ്വാധീനത്തെ തുടര്‍ന്ന് വിവിധ സംഘടനകളുടെ പൊതുചടങ്ങുകള്‍ക്ക് അനുമതി വിലക്കിയ അധികൃതരുടെ നടപടിയെ മറ്റൊരു പ്രമേയത്തില്‍ അപലപിച്ചു. ആള്‍വാറിലും രാജസ്ഥാനിലെ മറ്റു ഭാഗങ്ങളിലും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും കര്‍ഷകര്‍ക്കുമെതിരായി നടന്ന ആക്രമണങ്ങളില്‍ നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാന്‍ ജനറല്‍ സെക്രട്ടറി നസിമുദ്ദീന്‍, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്‍വീനറുമായ യാസ്മീന്‍ ഫാറൂഖി, ബൗധ് മഹാസഭ പ്രസിഡന്റ് ടി സി രാഹുല്‍, സമഗ്ര സേവാസംഘ് പ്രസിഡന്റ് സവായ് സിങ്്, യൂനിയന്‍ ഓഫ്് പ്രോഗ്രസീവ് റൈറ്റേഴ്‌സ് പ്രസിഡന്റ് പ്രഫസര്‍ രാജീവ് ഗുപ്ത, പിയുസിഎല്‍ മുന്‍ പ്രസിഡന്റ് പ്രേംകൃഷ്ണ, സിപിഎം ജയ്പൂര്‍ യൂനിറ്റ്് സെക്രട്ടറി സുമിത്ര ചോപ്ര, കിസാന്‍ സഭ ജനറല്‍ സെക്രട്ടറി സര്‍ദാര്‍ ഗുരുചരണ്‍ സിങ്, ദലിത് മുസ്‌ലിം ഏകതാ മഞ്ച്് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ആര്‍കോ, രാഷ്ട്രീയ മുസ്‌ലിം മഹാസഭ പ്രസിഡന്റ്്് സാഹിബെ ആലം, എന്‍സിഎച്ച്ആര്‍ഒ വൈസ് പ്രസിഡന്റ്്് മെഹ്‌റുന്നീസ ഖാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it