വിമാനത്തില്‍ പക്ഷിയിടിച്ചു; സംഭവം ടേക്ക്ഓഫിനിടെ

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നു പറന്നുയരുന്നതിനിടെ ഖത്തര്‍ എയര്‍വേസ് വിമാനത്തിന്റെ ചിറകില്‍ പക്ഷിയിടിച്ചു. പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.24നാണ് സംഭവം. ടേക്ക്ഓഫിനായി റണ്‍വെയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാന ചിറകിന്റെ എഞ്ചിനിലെ ബ്ലേഡില്‍ പക്ഷിയിടിച്ചത്.
കരിപ്പൂരില്‍ നിന്നും ദോഹയിലേക്കുള്ള വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ ഇടതു ഭാഗത്തെ ചിറകിലെ എന്‍ജിനില്‍ പക്ഷിയിടിച്ച ശബ്ദം കേട്ട പൈലറ്റ് വിമാനം ഉയര്‍ത്താതെ നിര്‍ത്തുകയായിരുന്നു. ഉയര്‍ന്നു പൊങ്ങേണ്ട വിമാനം പെട്ടെന്നു നിര്‍ത്തിയത് വിമാനത്താവളത്തിലും ആശങ്ക പരത്തി. ഇതോടെ ഫയര്‍ഫോഴ്‌സും സുരക്ഷാ ജീവനക്കാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഇതിനിടെ പൈലറ്റ് സംഭവം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. പരിശോധനയില്‍ ഇടതു ചിറകിലെ ബ്ലേഡ് തകര്‍ന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു. വിമാനം പൂര്‍ണമായും ഉയരാത്തിനാലും റണ്‍വെയില്‍ നിന്ന് തെന്നിമാറാത്തതിനാലുമാണ് അപകടം ഒഴിവായത്. വൈമാനികന്റെ അവസരോചിത ഇടപടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് വിമാന കമ്പനി അധികൃതര്‍ പറഞ്ഞു.
വിമാന ചിറകില്‍ 22 ബ്ലേഡുകളാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം തകര്‍ന്നു. കറങ്ങുമ്പോള്‍ ഏറെ ദൂരെയുള്ള വസ്തുക്കളെപ്പോലും ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ ശക്തിയുള്ള ലീഫുകളാണിവ. കേടുപാടുകള്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it