Flash News

വിമാനത്തിന്റെ സീറ്റിനടിയില്‍ 1.399 കിലോ സ്വര്‍ണം



കരിപ്പൂര്‍: കരിപ്പൂരില്‍ ദുബയില്‍ നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.399 കിലോ ഗ്രാം സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബയില്‍ നിന്നു രാവിലെ 11നു കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിന്റെ സീറ്റിനിടയിലാണു സ്വര്‍ണമാല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിമാനം തുടര്‍ സര്‍വീസിനായി പുറപ്പെടാനൊരുങ്ങുന്നതിനു മുമ്പായുള്ള പരിശോധനയിലാണു കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്വര്‍ണമാല കണ്ടെത്തിയത്. 24 കാരറ്റുള്ള മാലയ്ക്ക് 42,73,945 രൂപ വില ലഭിക്കും.വിമാനത്തില്‍ നിന്നു യാത്രക്കാര്‍ പുറത്തിറങ്ങിയതിനു ശേഷമാണു കള്ളക്കടത്ത് കണ്ടെത്തിയത്. ആയതിനാല്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ദുബയില്‍ നിന്ന് ഈ വിമാനത്തിലെത്തിയ യാത്രക്കാരെക്കുറിച്ചും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. സ്വര്‍ണം ലഭിച്ച സീറ്റില്‍ ഇരുന്ന യാത്രക്കാരനെയും നിരീക്ഷിച്ചുവരികയാണ്. ഈ വിമാനം കരിപ്പൂരില്‍ നിന്നു മുംബൈ വഴി ഡ ല്‍ഹിയിലേക്കാണു തുടര്‍ സര്‍വീസ് നടത്തുന്നത്. ആഭ്യന്തര യാത്രക്കാര്‍ക്കു കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാല്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം പുറത്ത് എത്തിക്കാനായിരുന്നു ശ്രമമെന്നു കരുതുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജോയ് തോമസ്, ഡി എന്‍ പന്ത് എന്നിവരടങ്ങിയ സംഘമാണു സ്വര്‍ണം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സോപ്പിനകത്ത് കടത്തിയ 14.29 ലക്ഷം രൂപയുടെ 466.4 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ശനിയാഴ്ച പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it