kannur local

വിമാനത്താവള മേഖലയിലെ മഴവെള്ള പ്രശ്‌നം: പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി



കണ്ണൂര്‍: നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വെള്ളവും ചളിയുമെത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കര്‍മസേനയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗം രൂപം നല്‍കി. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍/പ്രതിനിധി, വാര്‍ഡ് മെംബര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, കിയാല്‍, എല്‍ ആന്റ് ടി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി റോഡ്‌സ്-ബില്‍ഡിങ്‌സ്, മൈനര്‍ ഇറിഗേഷന്‍, പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രതിനിധികള്‍, കീഴല്ലൂര്‍, മട്ടന്നൂര്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കര്‍മസേന. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഉടനെത്തി പരിഹാരമാര്‍ഗങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടാസ്‌ക് ഫോഴ്‌സിന് നിര്‍ദേശം നല്‍കി. അപകടങ്ങള്‍, അപകട സാധ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 0497 2713266 (കലക്ടറേറ്റ്), 0490 2343813 (തലശ്ശേരി താലൂക്ക്), 0490 2494910 (ഇരിട്ടി താലൂക്ക്) എന്നീ നമ്പറുകളില്‍ അറിയിക്കാം. ഇതിനകം വിമാനത്താവള പ്രദേശങ്ങളില്‍ നിന്നുള്ള ചളിയും വെള്ളവും കയറി താമസയോഗ്യമല്ലാതായ ആറു വീട്ടുകാരെ ബന്ധുവീടുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ കിയാല്‍ ഏറ്റെടുക്കുന്നതിനുള്ള സത്വര നടപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഇവിടെയുള്ള വീടുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. മഴവെള്ളം ഒഴുക്കിവിടാനുള്ള തോടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കിയാല്‍ പ്രതിനിധി അറിയിച്ചു. അതുവരെയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണും. തോടുകളിലേക്ക് വലിയ കല്ലുകളും തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളുടെ കുറ്റികളും ഒഴുകിയെത്തുന്നത് ജലമൊഴുക്കിന് തടസ്സമാവുന്നതിനാല്‍ അവ ഉടന്‍ നീക്കാന്‍ കരാറുകാരായ എല്‍ ആന്റ് ടി കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ അപകടഭീഷണിയുയര്‍ത്തുന്ന ഭാഗങ്ങള്‍ ഉടന്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. നിലവില്‍ ജലമൊഴുക്കിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ തോട് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) പി വി ഗംഗാധരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ശോഭന, കിയാല്‍, എല്‍ ആന്റ് ടി, യുഎല്‍സിസി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it