Kottayam Local

വിമാനത്താവളം വേണ്ട ; ചെറുവള്ളി എസ്റ്റേറ്റില്‍ നാളെ മുതല്‍ ഭൂസമരം



എരുമേലി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്ക് അനുയോജ്യമായി സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്ന ചെറുവളളി എസ്റ്റേറ്റില്‍ ഒരുപറ്റം സംഘടനകള്‍ ഭൂസമരത്തിനൊരുങ്ങുന്നു. നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് തീരുമാനം. പരിഹാരമുണ്ടായില്ലങ്കില്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഭൂസമരം വ്യാപിപ്പിക്കുമെന്നും രണ്ടായിരത്തോളം ഭൂരഹിത കുടുംബങ്ങളെ എസ്റ്റേറ്റില്‍ പാര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരം സംബന്ധിച്ചും ആവശ്യങ്ങളറിയിച്ചും ഇന്നലെ കലക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് കത്ത് നല്‍കിയെന്ന് ഭൂസമര മുന്നണി അറിയിച്ചു. എസ്റ്റേറ്റ് കവാടമായ മുക്കടയില്‍ റോഡരികില്‍ ഷെഡ്ഡ് നിര്‍മിച്ചാണ് സമരം ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന സത്യഗ്രഹ സമരം മുന്നണി കണ്‍വീനര്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യും. ഭൂസമര മുന്നണി ചെയര്‍മാന്‍ കെ കെ എസ് ദാസ് അധ്യക്ഷത വഹിക്കും. ഭൂരഹിതകുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്നാണ് മുന്നണിയുടെ ആവശ്യം. എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കണം. ജില്ലയിലെ 1,500 ല്‍പ്പരം ഭൂരഹിതകുടുംബങ്ങളുടെ പട്ടിക ആദ്യഘട്ടമായി തയ്യാറാക്കിയെന്ന് ഭൂസമരമുന്നണി പറയുന്നു. കെപിഎംഎസ്, ചേരമര്‍ നവോഥാനസംഘം എന്നീ സംഘടനകളും മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖസംഘടനയായ സിഎസ്ഡിഎസ്സുമായി ചര്‍ച്ച നടത്തുമെന്ന് ഭൂസമര മുന്നണി നേതൃത്വം വ്യക്തമാക്കി. കെ പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് 2015ലാണ് എസ്‌റ്റേറ്റ് വാങ്ങുന്നത്. അതുവരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായിരുന്നു എസ്‌റ്റേറ്റ്. കമ്പനിക്ക് പാട്ടമായി ലഭിച്ച ഭൂമിയും കൈവശം ചേര്‍ത്ത ഭൂമിയും ഉള്‍പ്പെടുത്തി ഉടമസ്ഥരേഖകളുണ്ടാക്കി സ്വന്തമാക്കിയെന്നാണ് സര്‍ക്കാര്‍ കോടതിയിലെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ ബിലീവേഴ്‌സ് ചര്‍ച്ചിന് എസ്‌റ്റേറ്റ് വിറ്റത് നിയമവിരുദ്ധമാണെന്നും എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതുവരെ കോടതിയില്‍നിന്ന് ഇതിന് അനുമതിയായിട്ടില്ല.
Next Story

RELATED STORIES

Share it