വിമര്‍ശനം തള്ളി ക്ഷേത്രസമിതി; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തെ വിമര്‍ശിച്ചുള്ള ജയില്‍ മേധാവിയുടെ വിമര്‍ശനത്തെ തള്ളി ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി.
ആചാരങ്ങള്‍ മാറ്റാനാവില്ലെന്നും പതിവുപോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്രസമിതി വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് പൊതുജനങ്ങളില്‍ ആശങ്ക പരത്തുന്ന തരത്തില്‍ ആര്‍ ശ്രീലേഖ നടത്തിയ ആരോപണം അപലപനീയമാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹിതമായ തരത്തില്‍ തീര്‍ത്തും ക്ഷേത്രാചാരങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ തിരുത്തണമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി.
എന്നാല്‍, കുത്തിയോട്ടത്തിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞു. തന്റെ ബ്ലോഗ് വിവാദമാക്കേണ്ടതില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേയായിരുന്നു  ആര്‍ ശ്രീലേഖയുടെ വിമര്‍ശനം. ആറ്റുകാലില്‍ ആണ്‍കുട്ടികളുടെ വഴിപാടായി നടത്തുന്ന കുത്തിയോട്ടം ബാലപീഡനമാണെന്നും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ നടക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നുമായിരുന്നു ജയില്‍ മേധാവിയുടെ വിമര്‍ശനം. ആചാരം നിര്‍ത്തും വരെ ഇനി പൊങ്കാല ഇടില്ലെന്നും ആര്‍ ശ്രീലേഖ ബ്ലോഗിലൂടെ തുറന്നടിച്ചിരുന്നു.
Next Story

RELATED STORIES

Share it