palakkad local

വിഭാഗീയത : യൂത്ത് കോണ്‍ഗ്രസ്സില്‍ വീണ്ടും പൊട്ടിത്തെറി ; പാര്‍ലമെന്റ് സെക്രട്ടറി രാജിവച്ചു



വടക്കഞ്ചേരി: ഗ്രൂപ്പ് വിഭാഗീയതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് ത്തലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയില്‍ വീണ്ടും പൊട്ടിത്തെറി. ഒരിടവേളക്ക് ശേഷം വീണ്ടും ഉടലെടുത്ത ഗ്രൂപ്പ് പോര് രാജിയില്‍ കലാശിച്ചു. പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, മുന്‍ തരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ എസ്  ഇല്യാസാണ് രാജിവെച്ചത്. ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ സ്വജന പക്ഷവാതവും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനും അഴിമതിക്കുമെതിരേ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമാനങ്ങളില്‍ നിന്നും പ്രാഥിമ അംഗത്വത്തില്‍ നിന്നും രാജി വെക്കുന്നതെന്ന് ഇല്യാസ് പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്  നയിക്കുന്ന യൂത്ത് മാര്‍ച്ച് ജില്ലയില്‍ പര്യടനം നടത്തുന്ന സമയത്ത് തന്നെ രാജി ഉണ്ടായത്  നേത്യത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കുറച്ച് കാലമായി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഗ്രൂപ്പ് വിഭാഗീയത വീണ്ടും ഉടലെടുത്തിരിക്കുന്നതിന്റെ ഭാഗമായാണ് ഈ രാജി എന്നാണ് അനുമാനം.  പാര്‍ലമെന്റ്  കമ്മിറ്റിയുടെ അടിയന്തര യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കന്‍മാരായി അറിയപ്പെടുന്ന  യൂത്ത് കോണ്‍ഗ്രസ് തരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഇല്യാസിനേയും, നെമ്മാറ നിയോജക മണ്ഡലം പ്രസിഡന്റും വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.രാജീവിനേയും പാളയം പ്രദീപിന്റെ ആവശ്യപ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഫ്ത്തിക്കാറുദ്ദീന്‍ സസ്‌പെന്റ് ചെയ്തിരുന്നു.  ഇതിനു ശേഷം ഇരു ഗ്രൂപ്പുകളും അഴിമതി ആരോപണങ്ങളും മറ്റും ഉന്നയിച്ച്  പ്രസ്താവന ഇറക്കുകയും, നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഇവരെ ഇതുവരെ സസ്‌പെന്റ് പിന്‍വലിച്ച് തിരികെ കൊണ്ട് വന്നിട്ടില്ല. പകരക്കാരനായി എ ഗ്രൂപ്പ് കാരനെ തന്നെ നിയോജക മണ്ഡലം പ്രസിഡന്റായി കഴിഞ്ഞ ആഴ്ച്ചയാണ് തിരഞ്ഞെടുത്തത്. ഇത് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയായിരുന്നെങ്കിലും വിഭാഗീയത നിന്നിട്ടില്ല. ഇന്ന് നടക്കുന്ന യൂത്ത് മാര്‍ച്ചിന്റെ തരൂര്‍ നിയോജക മണ്ഡലം സ്വീകരണവും ജില്ലയിലെ പര്യടനത്തിന്റെ സമാപനവും വടക്കഞ്ചേരിയിലാണ് ഒരുക്കിയിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി രൂപീകരിച്ച സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കൂടിയാണ് രാജി വെച്ച ഇല്യാസ്. സമാപന സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it