Flash News

വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍



ക്യൂന്‍സ്പാര്‍ക്ക്: വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 39.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്‍ (87), അജിന്‍ക്യ രഹാനെ (62) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തേകിയത്.ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയ്ക്ക് പകരം അജിന്‍ക്യ രഹാനെ ഓപണര്‍ വേഷത്തിലിറങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇന്ത്യന്‍ നിരയില്‍ ഇടം ലഭിച്ചു. ജസ്പ്രീത് ബൂംറയ്ക്ക് പകരം ഉമേഷ് യാദവാണ് ഇറങ്ങിയത്. മിന്നും ഫോം തുടര്‍ന്ന ശിഖാര്‍ ധവാന്‍ വിന്‍ഡീസിനെതിരെയും ഓപണിങില്‍ കത്തിക്കയറി. 92 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ധവാന്‍ 87 റണ്‍സ് അടിച്ചെടുത്തത്. സെഞ്ച്വറിയിലേക്ക് കുതിച്ച ധവാനെ ദേവേന്ദ്ര ബിഷു എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന അജിന്‍ക്യ രഹാനെ വിന്‍ഡീസിനെതിരെ ലഭിച്ച അവസരം മുതലാക്കി. 78 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 62 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ത്താണ് രഹാനെ മടങ്ങിയത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡറിന് ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്.എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ യുവരാജ് സിങ് കാര്യമായി സംഭാവന ചെയ്യാതെ മടങ്ങി. 10 പന്തില്‍ നാല് റണ്‍സെടുത്ത യുവരാജിനെ ജേസണ്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. 39.2 ഓവറിലെത്തിയ കളി മഴ തടസ്സപ്പെടുത്തുമ്പോള്‍ വിരാട് കോഹ്‌ലി (32*), എം എസ് ധോണി (9*) എന്നിവരാണ് ക്രീസിലുള്ളത്.
Next Story

RELATED STORIES

Share it