ernakulam local

വിനോദ നികുതി പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍

കൊച്ചി: വിനോദ, പരസ്യ നികുതികള്‍ പിരിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കേരള ഫിലിം ചേബര്‍ രംഗത്ത്.  വിനോദ നികുതി പിരിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭ കഴിഞ്ഞയാഴ്ച്ച സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
നിലവില്‍ ജിഎസ്ടി പ്രകാരം 28 ശതമാനം നികുതിയാണ് തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് നല്‍കുന്നത്. ഇതിന് പുറമേ വിനോദ നികുതിയും ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തെ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാകുമെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍  പറഞ്ഞു. ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് കോര്‍പ്പറേഷനുകളില്‍ 25 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 20 ശതമാനവും പഞ്ചായത്തുകളില്‍ 15 ശതമാനവുമായിരുന്ന നികുതി.
ജിഎസ്ടി വന്നതിന് ശേഷം നൂറു രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 18 ശതമാനവും അതിനു മുകളിലുള്ള ടിക്കറ്റിന് 28 ശതമാനവുമാണ് നികുതിയായി സര്‍ക്കാരിന് നല്‍കുന്നത്. നിലവില്‍ ജിഎസ്ടിയായി പിരിച്ചെടുക്കുന്നതില്‍ ഒരു വിഹിതം സര്‍ക്കാര്‍ നേരിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വിനോദ നികുതിയായി പിരിച്ചെടുക്കുന്നതില്‍ അധികം തുക ഇതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. ഇത്കൂടാതെയാണ് നിര്‍ത്തലാക്കിയ വിനോദ നികുതി തിരികെ കൊണ്ടുവരുവാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതെന്ന് കേരള ഫിലിംഫ ചേംബര്‍ പ്രസിഡന്റ് കെ വിജയകുമാര്‍, സെക്രട്ടറി സാഗാ അപ്പച്ചന്‍ എന്നിവര്‍  ആരോപിച്ചു.
ഫിലിം ചേംബര്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സിയാദ് കോക്കര്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) പ്രതിനിധീകരിച്ച് സുരേഷ് ബാലാജി, സാജു ജോണി, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ എന്നിവരും  പങ്കെടുത്തു. .
Next Story

RELATED STORIES

Share it