Kollam Local

വിധവയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി

കൊട്ടാരക്കര:ചേത്തടിയില്‍ വിധവയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വീടിന് തീവച്ച സംഭവത്തില്‍ ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. ചേത്തടി കണ്ണാ ഭവനില്‍ എ ഉഷ(55) യാണ് ഡിജിപിയ്ക്കും റൂറല്‍ എസ്പിയ്ക്കും അടക്കം പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 20ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഉഷയുടെ മകന്‍ രഞ്ജിത്തും വെട്ടിക്കവല ബ്‌ളോക്ക് പഞ്ചായത്തംഗം രേണുക അടക്കമുള്ള നാല് വനിതകളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സംഭവം സ്ഥലത്ത് അന്വേഷണം നടത്തിയ ശേഷം കുന്നിക്കോട് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായുള്ള സാമ്പത്തിക ഇടപാടും ഉഷയുമായി പിണങ്ങി പനവേലിയില്‍ വാടക വീട്ടില്‍ കഴിയുന്ന മകന്‍ രഞ്ജിത്ത് സ്വത്ത് ആവശ്യപ്പെട്ടതുമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇരു കൂട്ടരും യോജിച്ചാണ് ആക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പോലിസ് പറഞ്ഞു. സംഭവ ദിവസം പ്രതിപ്പട്ടികയിലുള്ളവര്‍ ഉഷയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വടികൊണ്ടും കൊടുവാള്‍ കൊണ്ടും ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ത്ത ശേഷം വീടിന് തീ വയ്ക്കുകയുമായിരുന്നു.
കൊട്ടാരക്കര നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഫയര്‍ഫോഴ്‌സ് കണക്കാക്കിയത്. കുന്നിക്കോട് പോലിസാണ് പരിക്കേറ്റ ഉഷയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്താല്‍ അറസ്റ്റ് ഉണ്ടാവുന്നില്ലെന്നാണ് ഉഷ ഡിജിപിയ്ക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്നതായും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉഷ കൊട്ടാരക്കര കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉഷയുടെ മൊഴി രേഖപ്പെടുത്താനുണ്ടായ കാലതാമസമാണ് കേസ് നടപടികള്‍ നീട്ടിക്കൊണ്ടുപോയതെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുന്നിക്കോട് എസ്‌ഐ ഷാജു അറിയിച്ചു.
Next Story

RELATED STORIES

Share it