Flash News

വിദ്വേഷപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അയ്മര്‍



ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: മലപ്പുറത്തിനുമേല്‍ രാഷ്ട്രീയ-സാമൂഹിക-മാധ്യമ കേന്ദ്രീകൃത പൊതുബോധം ചാര്‍ത്തിനല്‍കിയ അപരത്വവും ബീഫ് നിരോധനത്തിലൂടെ നടപ്പാക്കുന്ന ഭക്ഷണസ്വാതന്ത്ര്യത്തിനുമേലുള്ള വിലക്കും പ്രമേയമാക്കി ഒരു ഉശിരന്‍ വീഡിയോ ആല്‍ബം. വളാഞ്ചേരി സ്വദേശിയായ ആഷിക് അയ്മര്‍ ആണ് അല്‍ മലപ്പുറം അദ്ഭുതമാണീ മലപ്പുറം എന്ന വീഡിയോ ആല്‍ബത്തിനു പിന്നില്‍. ആറാംതമ്പുരാന്‍ എന്ന ചിത്രത്തില്‍ മന പൊളിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിനിടെ നായകന്‍ മന ബോംബ് വച്ച് പൊളിക്കാമെന്നും സാധനം മലപ്പുറത്ത് കിട്ടുമെന്നും പറയുന്നുണ്ട്. മലപ്പുറത്തെ ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മണ്ണാക്കി ചിത്രീകരിച്ച ഈ പരാമര്‍ശത്തെയും അല്‍ മലപ്പുറം എന്ന വീഡിയോ പൊളിച്ചടുക്കുന്നുണ്ട്. മലപ്പുറത്തിന്റെ സ്വത്വത്തിന് മറയിട്ട പൊതുധാരണകളെ തിരുത്താന്‍ കെ എല്‍ ടെന്‍ പത്ത് എന്ന സിനിമയിലൂടെ മുഹ്‌സിന്‍ പരാരി ശ്രമിച്ചിരുന്നു. ഇതിനു തുടര്‍ച്ചയാവുന്നുണ്ട് അല്‍ മലപ്പുറം എന്ന വീഡിയോ ആല്‍ബം. ശരത് പ്രകാശും ആഷിക് അയ്മറും ചേര്‍ന്നാണ് രചന. പൊന്നാനിയിലും പരിസരങ്ങളിലുമായാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത്. മലപ്പുറത്തെക്കുറിച്ച് മത-രാഷ്ട്രീയ-സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ വാര്‍പ്പുമാതൃകയ്ക്കുള്ള സര്‍ഗാത്മകവും അര്‍ഥസമ്പൂര്‍ണവുമായ മറുപടിയാണ് ആശിഖ് അയ്മര്‍ തയ്യാറാക്കിയ ഈ ഹ്രസ്വചിത്രമെന്ന് നിയമസഭാ സ്പീക്കറും പൊന്നാനിയില്‍ നിന്നുള്ള നിയമസഭാംഗവുമായ പി ശ്രീരാമകൃഷ്ണന്‍ പറയുന്നു. സ്വാതന്ത്ര്യ സമരസങ്കല്‍പം രൂപപ്പെടുന്നതിനു മുമ്പേ നികുതിനിഷേധത്തിന് ആഹ്വനം ചെയ്ത വെളിയങ്കോട് ഉമര്‍ഖാസി, മമ്പുറം തങ്ങള്‍ തുടങ്ങിയ എണ്ണമറ്റ പോരാളികളുടെ നാട്. ഭാഷാപിതാവ് എഴുത്തച്ഛന്‍ ജനിച്ച നാട്. ആധുനിക കേരള ശില്‍പി സഖാവ് ഇഎംഎസിന്റെ നാട്. ഈ പട്ടിക അനന്തമായി നീളും എന്നതാണ് മലപ്പുറത്തെ വ്യതിരിക്തമാക്കുന്നത്. മഹാരഥന്മാരുടെയും സാധാരണ മനുഷ്യരുടെയും നേര്‍മയുള്ള ജീവിതംകൊണ്ട് സുരഭിലമായ മലപ്പുറം പെരുമ സമ്പന്നമായ ദൈനംദിന ജീവിത ദൃശ്യങ്ങള്‍കൊണ്ട് അടയാളപ്പെടുത്താന്‍ ഈ ഹ്രസ്വചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതദൃശ്യങ്ങളിലൂടെ മലപ്പുറം എന്താണെന്ന് ആഷിഖ് കാണിച്ചുതരുന്നെന്നും ഹ്രസ്വചിത്രം പുറത്തിറക്കിക്കൊണ്ട് പി ശ്രീരാമകൃഷ്ണന്‍ പറയുന്നു. കട്ടന്‍ ചായ എന്ന ബാനറിലാണ് അല്‍ മലപ്പുറത്തിന്റെ നിര്‍മാണം. മലപ്പുറത്തിന്റെ സ്വത്വവും തനിമയും അടയാളപ്പെടുത്തുന്ന ദൃശ്യങ്ങളിലൂടെയും ബിംബങ്ങളിലൂടെയുമാണ് ചിത്രം മുന്നേറുന്നത്. ഫഹദ് ആണ് കാമറ. വിപിന്‍ എഡിറ്റിങ്. ജനപ്രിയ സിനിമാ ഈണങ്ങളുടെ കൊളാഷ് ആണ് ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലസംഗീതം.
Next Story

RELATED STORIES

Share it