വിദ്യാര്‍ഥി രാഷ്ട്രീയവും കോടതികളും



എം  ഷാജര്‍ഖാന്‍

കലാലയങ്ങളില്‍ സമരമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിരിക്കുന്നു. ജുഡീഷ്യറിയും ലെജിസ്‌ലേച്ചറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കു കാര്യങ്ങള്‍ വളരെ വേഗം മാറിത്തീരുകയാണ്. വിദ്യാര്‍ഥികള്‍ കോളജുകളില്‍ പോവുന്നത് പഠിക്കാനാണോ രാഷ്ട്രീയപ്രവര്‍ത്തനത്തിനാണോ എന്ന് അവരുടെ രക്ഷിതാക്കള്‍ വ്യക്തമാക്കണമെന്നു വരെ ഹൈക്കോടതി പറഞ്ഞുകളഞ്ഞു! പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഗണിക്കവെയാണ് തുടര്‍ച്ചയായി നാലാം ദിവസവും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ സാധുതയെ കോടതി ചോദ്യം ചെയ്തത്. പഠനവും രാഷ്ട്രീയവും ഒന്നിച്ചുപോവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന സ്ഥിതിയാണുള്ളത്.സങ്കീര്‍ണമായ പലവിധ ചോദ്യങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കഴിഞ്ഞു. പൊന്നാനി എംഇഎസ് കോളജ് മാനേജ്‌മെന്റ്, ആ കോളജിലെ വിദ്യാര്‍ഥിസംഘട്ടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പോലിസിന്റെ സഹായം ആവശ്യപ്പെടുകയും യഥാസമയം പോലിസ് സഹായം നല്‍കാതെ വന്നതിനാല്‍ അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തതാണ് പ്രശ്‌നത്തെ നിയമക്കുരുക്കിലേക്കു നയിച്ചത്. ആ സാഹചര്യം എന്തുതന്നെയാവട്ടെ, ആ കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം തടയണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍, ആവശ്യപ്പെടാത്ത ഒരു കാര്യത്തില്‍, കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന പരാമര്‍ശങ്ങളോടെയാണ് ഒക്ടോബര്‍ 13ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇടക്കാല വിധിയാണെങ്കിലും നിലപാടില്‍ കോടതി ഉറച്ചുനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. വോട്ടവകാശവും 18 വയസ്സുള്ള വിദ്യാര്‍ഥികള്‍ക്കു നല്‍കിയിട്ടുണ്ട്. കാംപസില്‍ പഠിക്കുന്നവര്‍ ആ അര്‍ഥത്തില്‍ മുതിര്‍ന്ന പൗരന്‍മാരാണ്. അവര്‍ക്കു നിശ്ചയമായും രാഷ്ട്രീയ നിലപാടുകളുണ്ടാവണം; രാഷ്ട്രീയബോധമുണ്ടാവണം. അതു പ്രകടിപ്പിക്കാനുള്ള അവകാശവും ഉറപ്പാക്കപ്പെടണം. എന്നാല്‍, പഠനം മാത്രമാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യമെന്നും അതോടൊപ്പം രാഷ്ട്രീയം വേണ്ടെന്നും പറയുന്നത് രാഷ്ട്രീയത്തെക്കുറിച്ചുള്ള വികലമായ ധാരണമൂലമാവാം. ഒരാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തെ നിയന്ത്രിക്കുന്ന അഥവാ, അതിലെ എല്ലാ പൗരന്‍മാരെയും ഒരേപോലെ ബാധിക്കുന്ന പ്രക്രിയയെയാണ് രാഷ്ട്രീയമെന്നു വിളിക്കുന്നത്. രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാഷ്ട്രീയമാണ്. ജനാധിപത്യ രാഷ്ട്രത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് രാഷ്ട്രീയാടിസ്ഥാനത്തില്‍ ചിന്തിക്കുന്ന നിയമനിര്‍മാണ സഭകളാണ്. അവിടെ രാഷ്ട്രീയം എന്ന് ഉദ്ദേശിക്കുന്നത് കേവലം കക്ഷിരാഷ്ട്രീയമല്ല. മറിച്ച്, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിയമനിര്‍മാണം നടത്തുന്നതും രാഷ്ട്രീയ സംവാദങ്ങളുടെ ഭാഗമാണ്. അതില്‍ നിന്ന്, രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ ചുമതലപ്പെട്ട വിദ്യാര്‍ഥികള്‍ മാറിനില്‍ക്കണമെന്നു പറയുന്നത് അസംബന്ധമല്ലേ?ചിലര്‍ നിഷ്‌ക്രിയരായിരിക്കുന്നു; അവര്‍ പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. അതിനര്‍ഥം അവര്‍ക്കു രാഷ്ട്രീയമില്ലെന്നാണോ? നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്നുവെന്നാണ് അതിനര്‍ഥം. എതിര്‍ക്കുന്നവര്‍ക്ക് കക്ഷിരാഷ്ട്രീയം ഉണ്ടാവാം. അതിനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.രണ്ടാമത്തെ കാര്യം, വിദ്യാര്‍ഥികള്‍ പഠിക്കാന്‍ മാത്രം നിയുക്തരാക്കപ്പെട്ടവരാണെന്ന വിചാരവും പുനപ്പരിശോധിക്കപ്പെടണം എന്നതാണ്. കലാലയങ്ങളിലെ പഠനം പാഠപുസ്തകങ്ങളെ മാത്രം ആധാരമാക്കിയല്ല ഇക്കാലമത്രയും നടന്നുപോന്നിട്ടുള്ളത്. പരീക്ഷാവിജയം മാത്രം ലക്ഷ്യംവയ്ക്കുന്നവര്‍ക്ക് ഒരിക്കലും സമൂഹത്തിന്റെ പുത്രന്മാരായോ പുത്രിമാരായോ ഉയര്‍ന്നുവരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. വിദ്യാര്‍ഥികള്‍ ഒരു വിഭാഗം എന്ന നിലയില്‍ എക്കാലവും സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ രാഷ്ട്രീയശക്തി തന്നെയായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ അക്കാലത്തെ കലാലയങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുടെ അഭേദ്യഭാഗമായിരുന്നുവെന്ന് കാണാം. വിദ്യാര്‍ഥികള്‍ 'ചെഗുവേര'യുടെ ചിത്രം വച്ച ടീഷര്‍ട്ടിട്ട് 'വിപ്ലവം' നടത്താന്‍ നടക്കരുതെന്നൊക്കെ പറഞ്ഞാല്‍ എന്താണ് മറുപടി പറയുക? മാടമ്പിമാരുടെ ഭരണകാലത്ത് വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ അനുസ്മരിപ്പിക്കുന്നു പുതിയ കമന്റുകള്‍. കേരള നിയമസഭയുടെ സ്പീക്കര്‍ പറഞ്ഞ പ്രതികരണം അര്‍ഥവത്താണ്. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ കോടതി ശ്രമിക്കരുതെന്ന അദ്ദേഹത്തിന്റെ മറുപടി അര്‍ഥവത്താണ്. സാമൂഹിക ജീവിതത്തില്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് ശാഠ്യംപിടിക്കുന്നതില്‍ ഒരു ന്യായവുമില്ല. ഭരണഘടനയുടെ പോലും ഭേദഗതികള്‍ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുക. എന്തിനേറെ, ഈ ഭരണഘടനയും കോടതി നിയമങ്ങളും നീതിന്യായ വ്യവസ്ഥയും മറ്റുമൊക്കെ എങ്ങനെയാണ് ഉണ്ടായത്? കലാലയങ്ങളില്‍ ഉള്‍പ്പെടെ വിവിധ കാലങ്ങളില്‍ നടന്ന ധര്‍ണയും സത്യഗ്രഹവും അടക്കമുള്ള സമരങ്ങളിലൂടെയാണ് നീതിന്യായ വ്യവസ്ഥ തന്നെ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന കാര്യം അത്രയെളുപ്പം വിസ്മരിക്കാനാവുമോ? ആ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ളത് കലാലയങ്ങളിലായിരുന്നുവെന്നതും ചരിത്രം. 'രാഷ്ട്രീയ പ്രക്ഷോഭം,' 'സമരം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ കക്ഷിരാഷ്ട്രീയക്കാര്‍ നടത്തുന്ന ചില അക്രമപ്പേക്കൂത്തുകള്‍ മാത്രമായിരിക്കും കോടതിയുടെ പരിഗണനയിലുണ്ടാവുക. എന്നാല്‍, രാഷ്ട്രീയം കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ജീവിതവ്യവഹാരങ്ങളിലും ഒരു രാഷ്ട്രീയ നിലപാട് കാണും. ഏതു വീക്ഷണവും രാഷ്ട്രീയ വീക്ഷണമാണ്. യഥാര്‍ഥത്തില്‍ അരാഷ്ട്രീയവല്‍ക്കരണം ആവശ്യപ്പെടുന്ന കോടതി നിലപാടിലും ഒരു രാഷ്ട്രീയമുണ്ട്. അത് ബോധപൂര്‍വമല്ല എന്നു മാത്രം.സമൂഹനിര്‍മിതിക്ക് ആവശ്യമായ ആശയാദര്‍ശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് കലാലയങ്ങള്‍. അങ്ങനെയാവണം കലാലയങ്ങള്‍. കലയും സാഹിത്യവും സംഗീതവും രാഷ്ട്രീയവുമെല്ലാം പ്രശോഭിക്കുന്ന വേദികളാണ് കലാലയാങ്കണങ്ങള്‍. അവിടെ രാഷ്ട്രീയത്തെയും പഠനത്തെയും വെവ്വേറെ കളങ്ങളില്‍ മാറ്റിനിര്‍ത്താനാവില്ല. പഠനം തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ സങ്കല്‍പങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലേ? എന്തു പഠിക്കാനാണ് വിദ്യാര്‍ഥികള്‍ കലാലയങ്ങളിലേക്കു പോവുന്നത്? വിവിധ ശാസ്ത്രങ്ങളും സാമൂഹിക വിഷയങ്ങളും പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വിജ്ഞാന രാഷ്ട്രീയകേന്ദ്രങ്ങളാവണം കലാലയങ്ങള്‍. പുതിയ അറിവ് ഉല്‍പാദിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ അപ്പോള്‍ മാത്രമേ പ്രാപ്തരാവൂ. ആ അര്‍ഥത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ നമ്മുടെ കോളജുകളില്‍ രാഷ്ട്രീയമില്ലെന്നതാണ് പ്രശ്‌നം. യഥാര്‍ഥത്തില്‍ കാംപസുകളെ അര്‍ഥപൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കുകയാണ് വേണ്ടത്. അതൊരു വലിയ ജനാധിപത്യ പ്രക്രിയയാണ്. കലാലയ യൂനിയന്‍ എന്ന ആശയം തന്നെ വിദ്യാര്‍ഥികള്‍ക്കു ജനാധിപത്യത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കാനുള്ള കളരികള്‍ എന്ന നിലയിലാണ് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ വരയ്ക്കുന്ന കളത്തിനുള്ളില്‍ അച്ചടക്കമുള്ള അടിമകളെപ്പോലെ കഴിഞ്ഞുകൂടിയാല്‍ നമുക്കെങ്ങനെയാണ് ഉത്തമ പൗരന്‍മാരെ വാര്‍ത്തെടുക്കാനാവുക? കേരളത്തില്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കാംപസുകളില്‍ 'ഇടിമുറികള്‍' ഉണ്ടായിരിക്കുന്നുവെന്ന കാര്യം കോടതിക്ക് അറിയാത്തതാണോ? കോടതി എന്തേ അതിനെ തടയാത്തത്? തടയാനാവില്ല. വിദ്യാര്‍ഥികളുടെ ജനാധിപത്യ പ്രബുദ്ധതയ്ക്കു മാത്രമേ കലാലയങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനാവൂ. ആ സാമൂഹികബോധമാണ് പൊതുസമൂഹത്തില്‍ ആദ്യം വളര്‍ത്തിയെടുക്കേണ്ടത്. സ്വാശ്രയ കോളജുകള്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്നു; വിദ്യാര്‍ഥികളുടെ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നു; സ്വാതന്ത്ര്യത്തെ തടയുന്നു. 'ജിഷ്ണു പ്രണോയിമാരെ' സൃഷ്ടിക്കുന്ന വാണിജ്യവല്‍ക്കരണം വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. എന്തു പരിഹാരമാര്‍ഗമാണ് ഇതുവരെ ചെയ്യാനായത്? പല കോടതിവിധികളും ഫീസിന്റെ കാര്യത്തില്‍ മാനേജ്‌മെന്റുകളോടൊപ്പമായിരുന്നു എന്ന കാര്യവും മറക്കാവുന്നതല്ല.    (കടപ്പാട്: ജനശക്തി, നവംബര്‍ 1, 2017)
Next Story

RELATED STORIES

Share it