kannur local

വിദ്യാര്‍ഥിനിക്ക് പോലിസ് സംരക്ഷണം നല്‍കണം : ഹൈക്കോടതി



തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ ധര്‍മടം പാലയാട്ടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥിനിയും കെഎസ്‌യു പ്രവര്‍ത്തകയുമായ സി ജി സോഫി ജോസി(19)ന് പോലിസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പഠനം തുടരാന്‍ ധര്‍മടം പോലിസാണ് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത്. കഴിഞ്ഞ മാസം 19ന് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ സോഫി ഉള്‍പ്പെടെ അഞ്ച് കെഎസ്‌യുകാര്‍ക്കും മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട കോളജ് പിടിഎ യോഗത്തിന്റെ തീരുമാനപ്രകാരം ഇക്കഴിഞ്ഞ ആറിനാണ് തുറന്നത്. എന്നാല്‍, അധ്യയനം ആരംഭിച്ചെങ്കിലും കെഎസ്‌യു പ്രവര്‍ത്തകര്‍ ഭയം കാരണം ക്ലാസില്‍ ഹാജരായിരുന്നില്ല. പഠനവിഭാഗം മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം സോഫി ജോസിന് ക്ലാസ്മുറിക്ക് വെളിയില്‍ വനിതാ പോലിസ് ഉള്‍പ്പെടെ രണ്ടു പോലിസുകാരുടെ സംരക്ഷണം ലഭിക്കും. ഈ പശ്ചാത്തലത്തില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കും പഠനത്തിനുള്ള സുരക്ഷ ലഭിക്കും. ഇതിനാല്‍ ക്ലാസില്‍ ഹാജരാവാതിരുന്ന മറ്റു കെഎസ്‌യു പ്രവര്‍ത്തകരും ഇന്ന് കോളജിലെത്തും. അതേസമയം, ഹൈക്കോടതി വിധി ഭരണകൂടത്തിന്റെ നിയമലംഘന നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നാട്ടിലാണ് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം. ഇതിനകം നിരവധി തവണ എസ്എഫ്‌ഐ ആക്രമണമുണ്ടായിട്ടും ഒരാളെ പോലും പോലിസ് പിടികൂടിയിട്ടില്ല. ക്രമസമാധാന കാര്യത്തിലുള്ള ഭരണകൂട സമീപനമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it