kozhikode local

വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കുന്ദമംഗലം: കുന്ദമംഗലത്തു നിന്ന് കാരന്തൂരിലേക്ക് യാത്ര ചെയ്യവെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പുതുപ്പാടി സ്വദേശിയായ വിദ്യാര്‍ഥിനി കുന്ദമംഗലത്തേക്ക് മറ്റൊരു ബസ്സില്‍ വരികയും അവിടെ നിന്ന് കോളജ് സ്ഥിതി ചെയ്യുന്ന കാരന്തൂരിലേക്ക് ബസ്സ് മാറി കയറുകയും ചെയ്തപ്പോയാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. യാത്രാ ഇളവ് ലഭ്യമാകണമെങ്കില്‍ ഒരേ ബസ്സില്‍ മുഴുവന്‍ ദൂരവും സഞ്ചരിക്കണമെന്ന് ഒരു അലിഖിത നിയമം സ്വകാര്യ ബസ്സ് ജീവനക്കാര്‍ ഏറെക്കാലമായി പ്രചരിപ്പിച്ച് വരുന്നുണ്ട്. യാതൊരു നിയമ പ്രാബല്യവുമില്ലാത്ത ഇക്കാര്യം സൂചിപ്പിച്ചാണ് വിദ്യാര്‍ഥിയോട് മോശമായ രീതിയില്‍ കണ്ടക്ടര്‍ പെരുമാറി തുടങ്ങിയത്.
മുഴുവന്‍ ടിക്കറ്റ് ചാര്‍ജും നല്‍കണമെന്ന് കണ്ടക്ടര്‍ വാശി പിടിക്കുകയും, തന്റെ കൈയില്‍ കണ്‍സക്ഷന്‍ ചാര്‍ജ് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ വിദ്യാര്‍ഥിനിയെ കാരന്തൂരില്‍ ഇറക്കാതെ, ലൈംഗിക ചുവയുള്ള രീതിയില്‍ ആക്ഷേപിക്കുകയും, കൈ യ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ബസ്സിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ബസ്സ് നിര്‍ബന്ധപൂര്‍വ്വം കസബ സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കസബ സ്‌റ്റെഷനില്‍ നിന്ന് വനിതാ ഹെല്‍പ്പ് ലൈനിന്റെ സംയോജിതമായ ഇടപെടലുണ്ടാവുകയും കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുവരികയും അവിടെ നിന്ന് കുന്ദമംഗലം പോലീസ് കേസ് ചാര്‍ജ് ചെയ്യുകയുമാണ് ചെയ്തത്. എന്നാല്‍ പിറ്റേന്ന് തന്നെ വിദ്യാര്‍ഥിനി പഠിക്കുന്ന കോളേജിന്റെ പരിസരത്ത് പരാതി വ്യാജമാണെന്ന് കാണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബസ്സ് തൊഴിലാളി കോര്‍ഡിനേഷന്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ അംഗീകൃത സംഘടനകളൊന്നും ഈ വിഷയത്തില്‍ ഇടപ്പെടാത്തതിനെ തുടര്‍ന്നാണ് കോര്‍ഡിനേഷന്‍ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചെതെന്നാണ് അനുമാനം. വിദ്യാര്‍ത്ഥികളെ ബസ്സ് ജീവനക്കാര്‍ നിരന്തരമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാവാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Next Story

RELATED STORIES

Share it