kozhikode local

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര: ജൂലൈ 31നകം പുതിയ പാസ് അനുവദിക്കും

കോഴിക്കോട്: ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തുന്നതിനും യാത്രാപ്രശ്—നങ്ങള്‍ പരിഹരിക്കുന്നതിനും ഉന്നതതല തീരുമാനം. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്ക്ക്  റീജ്യണല്‍ ട്രാന്‍സ്—പോര്‍ട്ട് ഓഫീസര്‍  യാത്രാ ഇളവിന്  പാസ് അനുവദിക്കുന്നതിന് തീരുമാനമായി. ജൂലൈ 31 നകം പുതിയ ബസ് പാസ് ആര്‍ടിഒ നല്‍കും. അതുവരെ നിലവിലുള്ള പാസ് യാത്രാ ഇളവിന്  മതിയാകും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പഠന ആവശ്യങ്ങള്‍ക്ക് യാത്രാ ഇളവ് അനുവദിക്കും. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് യാത്രാ ഇളവ്. അതിരാവിലെ ക്ലാസുകള്‍ ആരംഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുസൃതമായി  യാത്രാഇളവ് നല്‍കും. ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവികള്‍ നല്‍കുന്ന പാസ്  ഉപയോഗിച്ച് യാത്ര ഇളവ് അനുവദിക്കും. പാരലന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഹാള്‍ടിക്കറ്റുകളും യാത്രാ ഇളവ് പാസും കാണിച്ചാല്‍ യാത്ര ഇളവ് നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലത്ത് നിന്ന് വിദ്യാലയങ്ങളിലേക്കും തിരിച്ചുമാണ് പാസ് അനുവദിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്—നങ്ങള്‍ പരിഹരിക്കുതിന് എല്ലാ വിദ്യാലയങ്ങളിലും  സീനിയര്‍ അധ്യാപകരെ ജൂലൈ  അഞ്ചിനകം നോഡല്‍ ഓഫീസര്‍മാരായി നിയമിക്കാനും ഇതുസംബന്ധിച്ച യോഗം നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്ഥാപനങ്ങള്‍ക്ക് സമീപം ട്രാഫിക് പോലീസ് നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും പരസ്പരബഹുമാനത്തോടെ പെരുമാറിയാല്‍ പൂര്‍ണമായും പരിഹരിക്കാവുന്നതാണ് ജില്ലയിലെ  വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്—നങ്ങളെന്ന്  യോഗത്തില്‍ അധ്യക്ഷത ലഹിച്ച എഡിഎം ടി ജനില്‍കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയാല്‍ പോലീസ് കര്‍ശനനടപടി സ്വീകരിക്കുമെന്ന് അസി. പോലീസ് കമ്മീഷണര്‍ എം സി ദേവസി പറഞ്ഞു.  സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലേക്കുള്ള യാത്രാപ്രശ്—നത്തിന് പരിഹാരം കാണുന്നതിന് കൂടുതല്‍ കെഎസ്ആര്‍ടി ബസ് ആവശ്യമാണെന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയിലെത്തിക്കുമെന്ന്് കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍ വി എം ഉണ്ണി യോഗത്തില്‍ അറിയിച്ചു. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ  സി ജെ പോള്‍സണ്‍, വടകര ആര്‍ടിഒ വി വി മധുസൂദനന്‍ എന്നിവരും ബസ് ഉടമസ്ഥരുടെയും വിദ്യാര്‍ത്ഥി സംഘടനകളുടേയും, പാരലല്‍ കോളജ്, സ്വകാര്യ ഐടിഐകള്‍ എന്നിവയുടേയും പ്രതിനിധികള്‍, സാമൂതിരി, ഗുരുവായുരപ്പന്‍ കോളജ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it