palakkad local

വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയത തീര്‍ത്ത് സ്‌കൂള്‍ കോംപൗണ്ടിലെ കമ്പിവേലി

മങ്കര: പുതിയ അധ്യയനവര്‍ഷം മങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയതയുടെ പഠനകാലമാവുന്നു. മങ്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളെ വേലികെട്ടി തിരിച്ച പ്രധാനധ്യാപകന്റെ നടപടി വിവാദമായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശല്യമാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരുനടപടിയുണ്ടായിരിക്കുന്നത്.
വേലികെട്ടിത്തിരിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് കളിക്കുന്നതിനു ഗ്രൗണ്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നാല്‍ പൂര്‍വ്വ വിദ്യാര്‍ഥികളുമായി ആലോചിച്ചാണ് കമ്പിവേലികെട്ടിയതെന്ന് അധികൃതര്‍ പറയുന്നു. വേലികെട്ടിയ നടപടിക്കെതിരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാവുകയാണ്. വരാന്തകളും മുറ്റവുമടങ്ങുന്ന ഭാഗമാണ് വേലികെട്ടി വേര്‍തിരിച്ചിരുന്നത്.
ഇത്തരത്തില്‍ വേലികെട്ടിത്തിരിക്കുന്നവിവരം അറിഞ്ഞില്ലെന്നുമാണ് പിടിഎ ഭാരവാഹികള്‍ പറയുന്നത്. അധ്യാപകര്‍ക്കിടയിലും ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. മറ്റു അധ്യാപകരോട് ആലോചിക്കാതെയാണു പ്രധാനാധ്യപകന്‍ നടപടി സ്വീകരിച്ചതെന്നതും അമര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഇരുപതോളം അധ്യാപകരുമാണ് മങ്കര ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലുള്ളത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന സാഹചര്യം നിലനില്‍ക്കെ വിദ്യാര്‍ഥികള്‍ക്കിടിയ വിഭാഗീയത തീര്‍ത്ത നടപടി ജയിലിന് തുല്യമായിരിക്കുകയാണ്. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ പഠിച്ചും കളിച്ചുല്ലസിച്ചും, അധ്യായനം നടത്തിവരുന്ന മങ്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ മനസ്സിനെ തന്നെ മുറിവേല്‍പ്പിച്ച് തീര്‍ത്ത കമ്പിവേലി അധ്യയന നാളുകള്‍ക്ക് നിറം കെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it