malappuram local

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര സ്‌കൂളുകള്‍ ഉറപ്പാക്കണം

മലപ്പുറം: സ്‌കൂള്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലും യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. നിയമാനുസൃതമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചാണ് വിദ്യാര്‍ഥികളുടെ യാത്രയെന്ന് പ്രധാനാധ്യാപകരും പിടിഎയും ഉറപ്പുവരുത്തണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ സി മാണി അറിയിച്ചു.
വീഴ്ച വരുത്തുന്ന സ്ഥാപന മേധാവിക്കെതിരേ വാഹന ഉടമ എന്ന നിലയില്‍ മോട്ടോര്‍വാഹനവകുപ്പ് പ്രകാരവും ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ആക്ട് പ്രകാരവും നടപടി സ്വീകരിക്കും. കുട്ടികളുടെ സുരക്ഷിത യാത്രക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഇതിന്റെ ഭാഗമായി ഓരോ സ്‌കൂളുകളിലും പിടിഎ പ്രതിനിധി അടങ്ങിയ കമ്മിറ്റി രൂപീകരിക്കണം. യാത്രാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫിസറായി അധ്യാപകനെ നിയോഗിക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എന്നിവ അടങ്ങിയ സത്യവാങ്മൂലം പ്രധാനാധ്യാപകന്‍, നോഡല്‍ ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് ജൂണ്‍ 5ന് മുമ്പായി ബന്ധപ്പെട്ട ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ ഓഫിസുകളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ചുകടക്കുന്നതിനും സഹായിക്കുന്നതിനായി എല്ലാ വാഹനങ്ങളിലും ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം. ഡോര്‍ തുറന്നുവച്ച് സര്‍വീസ് നടത്താനോ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോവാനോ പാടില്ല.
യാത്ര സംബന്ധിച്ച് വിദ്യാര്‍ഥികളുടെ പരാതി സ്‌കൂള്‍ സമിതി പരിശോധിക്കുകയും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ക്കായി പോലിസ്/മോട്ടോര്‍വാഹനവകുപ്പ് അധികാരികള്‍ക്ക് കൈമാറുകയും വേണം. പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷൂറന്‍സ് എന്നിവയില്ലാത്തതും നികുതിയടക്കാത്തതും കാര്യക്ഷമതയില്ലാത്തതുമായ ഏതെങ്കിലും വാഹനങ്ങള്‍ സ്‌കൂള്‍ അധികൃതരോ, പിടിഎയോ മറ്റു കരാറുകാരോ കുട്ടികളുടെ യാത്രക്കായി ഉപയോഗിച്ചാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 വകുപ്പ് 51 (ബി) പ്രകാരം സ്ഥാപന അധികാരി ശിക്ഷാനടപടിക്ക് വിധേയമാകുന്നതാണ്. അതേസമയം, കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനം കാര്യക്ഷമമാണെന്നും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നില്ലെന്നും രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. യാത്രക്കിടയില്‍ കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങള്‍ നേരിട്ടാല്‍ വിവരം അധികാരികളെയും സ്‌കൂള്‍ പ്രധാനാധ്യാപകനെയും അറിയിക്കണം. വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഒരുക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും ഡ്രൈവര്‍മാരും മോട്ടോര്‍വാഹനവകുപ്പുമായി സഹകരിക്കണമെന്നും ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it