thrissur local

വിദ്യാഭ്യാസരംഗത്ത് തിരിച്ചടികള്‍ ഉണ്ടാവുമോയെന്ന് ഭയപ്പെടുന്നു: പി കെ കുഞ്ഞാലിക്കുട്ടി

തൃശൂര്‍: വിദ്യാഭ്യാസ രംഗത്ത് വലിയ തിരിച്ചടികള്‍ ഉണ്ടാകുമോയെന്ന് ഭയപ്പെടുന്ന കാലമാണിതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. തൃശൂര്‍ ടൗണ്‍ഹാളില്‍ കെഎസ്ടിയു 39-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസത്തിന് എക്കാലത്തും വലിയ പ്രാധാന്യം കൊടുക്കുന്നത് ഇടതുപക്ഷക്കാരാണെന്നൊരു വെപ്പുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഇടതുപക്ഷം വിവരമറിയുന്നതിന് മുന്‍പ് ക്രിസ്ത്യന്‍ മിഷണനറിമാര്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത്.കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുപാട് ഉണ്ടാക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇപ്പോള്‍ ഒന്നുമില്ല. കേരളത്തില്‍ ഒന്നും നടക്കാത്ത കാലമാണ്. കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ ക്ഷേമകാര്യങ്ങള്‍ ഒന്നുമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. അധ്യാപക സംഘടനകള്‍ ഏറ്റവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു. ഗുരുചൈതന്യം സമ്മേളന പതിപ്പ് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. കെഎസ്ടിയു സംസ്ഥന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി വി ഇബ്രാഹിം എംഎല്‍എ, സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് റഷീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it