Kottayam Local

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

കോട്ടയം: ഉദ്യോഗാര്‍ഥികളായ ചെറുപ്പക്കാരില്‍ നിന്ന് കാനഡ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലേക്കു ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. വൈക്കം തോട്ടകം സ്വദേശി നാലു ലക്ഷം രൂപ വീതം ഇവരില്‍ നിന്ന് തട്ടിയെടുത്തതായി വൈക്കം ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്റര്‍നെറ്റ് മുഖേനയാണ് ഇവരെ ഇയാള്‍ സ്വാധീനിച്ചത്. ഇവര്‍ക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും വിവിധ വിദേശ കമ്പനികളുടെ പേരുപറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
92ഓളം പേരില്‍ നിന്നായി നാലു ലക്ഷത്തോളം രൂപ വീതം ഇടാക്കിയതായി പരാതിക്കാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള ചെറുപ്പക്കാരാണ് തട്ടിപ്പിനിരയായത്. 19ഓളം പേരെ ജോര്‍ജിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയില്‍ കയറ്റി വിടുകയും ചെയ്തു. അവിടെ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായത്.
നാട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ മുഖം വെളിവായത്. ഏതാനും പേര്‍ ഡല്‍ഹി വരെ പോയി മടങ്ങേണ്ടി വന്നു. കൊല്ലം സ്വദേശിയായ രാഹുല്‍, ഹരിപ്പാട് സ്വദേശി സുഗതന്‍, ചേര്‍ത്തല സ്വദേശി ശരത്, സുശീലന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10 പേര്‍ വൈക്കം ഡിവൈഎസ്പി രാജ്‌മോഹനന് പരാതി നല്‍കി. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it