വിദേശസഹായം സ്വീകരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല: കോടതി

ന്യൂഡല്‍ഹി: പ്രളയം ദുരന്തം വിതച്ച കേരളത്തിലെ ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്നു സുപ്രിംകോടതി. പ്രളയദുരന്തം നേരിടാന്‍ കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. സി ആര്‍ ജയ്‌സൂക് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആരില്‍നിന്നൊക്കെ പണം വാങ്ങിക്കണമെന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. ഇത്തരം ബാലിശമായതും നിസ്സാരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ഹരജികള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സമാനമായ ആവശ്യവുമായി സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എംപിയും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
പ്രളയത്തില്‍ സംസ്ഥാനത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രം 600 കോടി മാത്രമാണ് നല്‍കിയതെന്നുമാണ് ഹരജിയില്‍ പറയുന്നത്.
ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വിദേശസഹായം വേണ്ടെന്ന നിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഇരു ഹരജികളിലെയും ആവശ്യം.

Next Story

RELATED STORIES

Share it