വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സിറോ മലബാര്‍ സിനഡ്‌

കൊച്ചി: എറണാകൂളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭുമിവില്‍പന അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സിറോ മലാര്‍ സിനഡിന്റെ നിര്‍ദേശം. ഭുമി വില്‍പന വിഷയം ദുഃഖകരമാണെന്നും സിനഡ് വിലയിരുത്തി. വിഷയം പരിഹരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാനും പ്രോട്ടോ സിഞ്ചല്ലൂസുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ സിനഡ് നിയോഗിച്ചു. പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേരത്തേ അതിരൂപതിയലെ വൈദിക സമിതി സിനഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനഡ് മാര്‍ മാത്യു മൂലക്കാട്ടിനെ കണ്‍വീനറാക്കി അഞ്ചംഗ മെത്രാന്‍ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെത്രാന്‍ സമിതി വൈദിക സമിതിയില്‍ നിന്നടക്കം വിവരങ്ങള്‍ തേടുകയും ഇത് സിനഡിനു മുമ്പാകെ ചര്‍ച്ചയ്ക്കു വയ്—ക്കുകയുമായിരുന്നു. ഇതിന്‍മേല്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നതടക്കമുളള നിര്‍ദേശങ്ങള്‍ സിനഡ് മുന്നോട്ടുവച്ചിരിക്കുന്നത്.
അതിരൂപതയിലെ സഹായ മെത്രാന്‍മാര്‍ അതിരൂപതയുടെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും അതിനാവശ്യമായ അധികാരാവകാശങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ് അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്യണമെന്ന് സിനഡ് നിര്‍ദേശിച്ചു. അതിരൂപതയിലെ കാനോനിക സമിതികളായ ആലോചനാസമിതി, സാമ്പത്തികകാര്യ സമിതി തുടങ്ങിയവ എത്രയുംവേഗം ചേര്‍ന്ന് ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായ സാമ്പത്തികനഷ്ടങ്ങളും അനുബന്ധ പ്രശ്‌നങ്ങളും ശരിയായി വിലയിരുത്തണമെന്നും സിനഡ് നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് നഷ്ടപരിഹാരം ഉള്‍പ്പെടെ പരിഹാരമാര്‍ഗങ്ങളും ഉചിതമായ നടപടികളും ശുപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ധ സമിതിയെ സമയബന്ധിതമായി ചുമതലപ്പെടുത്തണം. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ശുപാര്‍ശ ചെയ്യണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മേജര്‍  ആര്‍ച്ച്്ബിഷപ്പിന്റെ സമ്മതത്തോടെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സിനഡ് കമ്മിറ്റിയുടെ സഹായം തേടാവുന്നതാണെന്നും സിനഡ് നിര്‍ദേശിച്ചു.
രൂപതാസമിതികള്‍ സുതാര്യമായും കൂട്ടുത്തരവാദിത്തത്തോടെയും സഭാനിയമങ്ങള്‍ക്കനുസൃതം ശരിയായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തണം. വൈദികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവ സമയാസമയങ്ങളില്‍ ചേര്‍ന്ന് അവയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ വൈദിക കൂട്ടായ്മയും, വൈദിക-അത്മീയ-ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഉതകുംവിധം ശരിയായി പ്രവര്‍ത്തിക്കുന്നൂ എന്ന് പ്രോട്ടോ സിഞ്ചല്ലൂസ് ഉറപ്പുവരുത്തണമെന്നും സിനഡ് നിര്‍ദേശിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രതിസന്ധിയില്‍ സിറോ മലബാര്‍ സിനഡിന് ഏറെ ദഃഖമുണ്ട്. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തോടെ പ്രശ്‌നം പരിഹരിക്കണമെന്നും സിനഡ് നിര്‍ദേശിച്ചു. അതേസമയം, ഭുമി വില്‍പന വിഷയത്തില്‍ യാതൊരു ഒത്തുതീര്‍പ്പും വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം വൈദികര്‍. അതിരൂപതയിലെ ഭൂമി വില്‍പന വിഷയം വെളിച്ചത്തുകൊണ്ടുവന്ന വൈദികരാണ് കടുത്ത നിലപാടില്‍ നിലകൊള്ളുന്നത്. ഭൂമി വില്‍പനയിലെ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്നാണ് ഇവര്‍ പറയുന്നത്. സത്യം മൂടിവയ്ക്കാന്‍ അനുവദിക്കില്ല. തെറ്റുചെയ്തിട്ടുള്ളവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ അര്‍ഹമായ നടപടി വേണമെന്നുമാണ് ഈ വൈദികരുടെ അഭിപ്രായം. ഭൂമി വില്‍പന വിഷയം അന്വേഷിക്കാന്‍ സിറോ മലബാര്‍ സിനഡ് നിയോഗിച്ച ബിഷപ് മാര്‍ മാത്യു മൂലക്കാട്ടില്‍ കണ്‍വീനറായിട്ടുള്ള മെത്രാന്‍ സമിതി, വൈദിക സമിതി, ഭുമി വില്‍ക്കാന്‍  നിയോഗിക്കപ്പെട്ട സ്വകാര്യ വ്യക്തി എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലം വിഷയം ആദ്യം വെളിച്ചത്തുകൊണ്ടുവന്ന വൈദികരില്‍നിന്നു സമിതി വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി നേരത്തേ അതിരൂപത നിയോഗിച്ച കമ്മീഷന്റെ റിപോര്‍ട്ട് വൈദിക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വൈദികസമിതി ആവശ്യപ്പെടുകയും അദ്ദേഹം ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ കമ്മീഷന്റെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി വൈദികസമതി വിളിച്ചുചേര്‍ത്തുവെങ്കിലും സമിതിയുടെ അധ്യക്ഷനായ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്താതിരുന്നതിനാല്‍ യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it