Flash News

വിജിലന്‍സ് യൂനിറ്റുകള്‍ കേസെടുക്കുന്നതിന് വിലക്ക്‌ : കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇനി ഡയറക്ടര്‍ അറിഞ്ഞുമാത്രം



തിരുവനന്തപുരം: വിജിലന്‍സില്‍ ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്ടര്‍ അറിഞ്ഞുമാത്രം. നിലവില്‍ വിജിലന്‍സ് യൂനിറ്റുകള്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് കേസുകള്‍ അതത് വിജിലന്‍സ് യൂനിറ്റുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം നല്‍കിയിരുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് എല്ലാ പരാതിയും പരിശോധിച്ച് തീരുമാനമെടുക്കുക പ്രായോഗിക ബുദ്ധിമുട്ടായതോടെയാണ് യൂനിറ്റുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ തിരുത്തിയത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാതികളടക്കം യൂനിറ്റുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ഡിവൈഎസ്പി മുതലുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയന്ത്രണം വരും. ഉത്തരവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിജിലന്‍സ് യൂനിറ്റുകള്‍ക്കും അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതി വിജിലന്‍സ് യൂനിറ്റുകളില്‍ ലഭിക്കുകയാണെങ്കില്‍ അതിന്റെ കോപ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം. ഈ പരാതി പരിശോധിച്ചശേഷം അതില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ഡയറക്ടര്‍ ബന്ധപ്പെട്ട യൂനിറ്റുകള്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കും. ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനു വേണ്ടിയാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
Next Story

RELATED STORIES

Share it