വിജിലന്‍സ് കേസ്: സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരേ നടപടി

തിരുവനന്തപുരം: അനവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരേ നടപടിയുമായി സര്‍ക്കാര്‍. ഒരു പൊതുമേഖലാ സ്ഥാപനത്തിലും അദ്ദേഹത്തിന് നിയമനം നല്‍കില്ലെന്ന് വ്യവസായ വകുപ്പ് ഉത്തരവിറക്കി. സജി ബഷീര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും വ്യവസായ വകുപ്പ് സെക്രട്ടറി പറയുന്നു. കോടികളുടെ ക്രമക്കേടുകളില്‍ പ്രതിയായ സജി ബഷീറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡി സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കാത്തത് ചോദ്യംചെയ്താണ് സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിഡ്‌കോയുടെ സ്ഥിരം എംഡിയായി തന്നെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് നിയമനം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സജി ബഷീറിനെ പൂര്‍ണമായും തള്ളി വ്യവസായ സെക്രട്ടറി ഉത്തരവിറക്കിയത്. സിആപ്റ്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സജി ബഷീറിനെ സര്‍ക്കാര്‍ നേരത്തേ പിരിച്ചുവിട്ടതാണ്. ഇക്കാര്യം സജി ബഷീര്‍ കോടതിയെ അറിയിച്ചിട്ടില്ല. മുന്‍ സര്‍ക്കാര്‍ സിഡ്‌കോയില്‍ നിന്നു സജി ബഷീറിനെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിലേക്കു മാറ്റിയിരുന്നു. അന്നു സ്ഥലംമാറ്റത്തെ ചോദ്യംചെയ്യാത്തതിനാല്‍ സിഡ്‌കോയുടെ സ്ഥിരം എംഡിയെന്ന വാദം നിലനില്‍ക്കില്ലെന്നും വ്യവസായ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it