വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് 20 ഏക്കര്‍ പതിച്ചുനല്‍കി

പാലക്കാട്: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 9,000 കോടി രൂപയുടെ കടബാധ്യത വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ വക ഭൂമിദാനം. പാലക്കാട് കഞ്ചിക്കോട്ട് 20 ഏക്കര്‍ ഭൂമി ചുളുവിലയ്ക്ക് പതിച്ചുനല്‍കിയതായി വിവരാവകാശ രേഖ പറയുന്നു.
പ്രദേശത്ത് ഭൂമിക്ക് മൂന്നുലക്ഷത്തിലേറെ രൂപ വിപണിവില ഉണ്ടെന്നിരിക്കെയാണു വിവാദ നടപടി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ബ്രേവറീസ് ഗ്രൂപ്പിന് 2013ലാണ് കഞ്ചിക്കോട്ടെ വ്യവസായമേഖലയില്‍ ഭൂമി പതിച്ചുനല്‍കിയത്. പുതുശ്ശേരി വെസ്റ്റിലെ റീസര്‍വേ 37 പ്രകാരമുള്ള സര്‍ക്കാര്‍ ഭൂമിയാണിത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടന്നത്. ഇതുപ്രകാരം 14,03,26,576 രൂപ സര്‍ക്കാരിന് യുബി ഗ്രൂപ്പ് നല്‍കി. സെന്റിന് മൂന്നുലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെയാണ് മേഖലയില്‍ ഭൂമിയുടെ നടപ്പുവില. കൂടുതല്‍ വില ലഭിക്കുമായിരുന്ന ഭൂമി കുറഞ്ഞ തുകയ്ക്ക് നല്‍കിയതു മൂലം സര്‍ക്കാരിന് 50 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.
നിലവില്‍ പലതരത്തിലുള്ള ബോട്ടലിങ് പ്ലാന്റുകള്‍ പുതുശ്ശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. ബിവറേജസിന് പുതിയ പ്ലാന്റ് നിര്‍മിക്കുന്നതിനാണു ഭൂമി നല്‍കിയതെന്നാണു സൂചന.
എന്നാല്‍, ഇക്കാര്യം ജില്ലാ ഭരണകൂടം പോലും അറിഞ്ഞിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കി. പുതിയ മദ്യനയം വരുന്നതിനു മുമ്പാണു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ പുതിയ മദ്യനയം വന്നതിനുശേഷവും ഈ തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറായിട്ടില്ല.
വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടും കുമരകം, മെത്രാന്‍ കായല്‍ നികത്തല്‍ ഇടപാടുകളും വിവാദമായതിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. 5.4 ബില്യണ്‍ യുഎസ് ഡോളര്‍ വിറ്റുവരവുള്ള ലോകത്തെ മൂന്നാമത്തെതും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബിയര്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയുമാണ് യുനൈറ്റഡ് ബ്രേവറീസ്.
Next Story

RELATED STORIES

Share it