വിജയരാഘവന്‍ വേണുഗോപാല്‍, ക്ലയര്‍, വിജേഷ്, ലക്ഷ്മി ജേതാക്കള്‍

കൊച്ചി: ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി വിജയരാഘവന്‍ വേണുഗോപാല്‍, ക്ലയര്‍ ബ്രിഗ്‌സ്, വി വിജേഷ്, ലക്ഷ്മി നായര്‍ ജേതാക്കളായി. ഫുള്‍ മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള മലയാളിയായ വിജയരാഘവന്‍ വേണുഗോപാല്‍ കിരീടം ചൂടി. 3:14:47 സമയംകൊണ്ട് വിജയരാഘവന്‍ 42.2 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ലക്ഷ്യം കണ്ടു. 3:21:31 സമയം കൊണ്ട് ബംഗളൂരു സ്വദേശി ബ്രിജേഷ് ഖജേരയാണു രണ്ടാമതെത്തിയത്. ഹൈദര്‍ നഗര്‍ സ്വദേശി ശങ്കരനാരായണന്‍ വെങ്കട്ടരാമനാണു മൂന്നാമതെത്തിയത്.
വനിതാ വിഭാഗം ഫുള്‍ മാരത്തണില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ക്ലയര്‍ ബ്രിഗ്‌സാണു ജേതാവ്. 4:35:44 സമയം കൊണ്ട് ക്ലയര്‍ ഫിനിഷ് ചെയ്തു. ബംഗളൂരു സ്വദേശിനി ആഗ്രിതി വര്‍മ 5:02:38 സമയംകൊണ്ടു രണ്ടാമതെത്തി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ യുകെ സ്വദേശി അലീസിയ സവിക്ക 5:09:04 സമയംകൊണ്ട് മൂന്നാമതെത്തി. ഫാഫ് മാരത്തണില്‍ 21.1 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 19 മിനിറ്റ് 7 സെക്കന്റില്‍ ഓടിയെത്തി പത്തനംതിട്ട ഏറ്റുമാനൂര്‍ സ്വദേശിയായ വി വിജേഷ് ജേതാവായി. ഒരു മണിക്കൂര്‍ 23 മിനിറ്റ് 31 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ബംഗളൂരു സ്വദേശി അവിനേഷ് കുമാര്‍ സൈനി രണ്ടാം സ്ഥാനം നേടി. തമിഴ്‌നാട് രാമനാഥപുരം സിരുഗുഡി വേല്‍മുരുകന്‍ മൂന്നാമതെത്തി.
വനിതാ വിഭാഗം ഹാഫ് മാരത്തണില്‍ ബംഗളൂരുവില്‍ നിന്നുള്ള ലക്ഷ്മി നായര്‍ കിരീടം ചൂടി. 2 മണിക്കൂര്‍ 47 സെക്കന്റിലാണ് ലഷ്മി നായര്‍ ഓടിയെത്തിയത്. രണ്ടു മണിക്കൂര്‍ 2 മിനിറ്റ് 20 സെക്കന്റില്‍ ഓടിയെത്തിയ ബംഗളൂരു സ്വദേശിയായ ശ്യാമള മന്‍മോഹനാണ് രണ്ടാം സ്ഥാനം. ബംഗളൂരുവില്‍ നിന്നു തന്നെയുള്ള ബബിത ബറുവതി മൂന്നാം സ്ഥാനം നേടി. ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാലിന് വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി ഫഌഗ് ഓഫ് ചെയ്തു.
ഹാഫ് മാരത്തണിന്റെ ഫഌഗ് ഓഫ് നിര്‍വഹിച്ചത് 78 വയസ്സുള്ള ഓട്ടക്കാരന്‍ വെങ്കിടാചലമാണ്. അഞ്ചു വയസ്സുകാരന്‍ കാര്‍ത്തിക്കായിരുന്നു മാരത്തണിലെ ബേബി. മാരത്തണിന്റെ ഭാഗമായി നടന്ന കോര്‍പറേറ്റ് റിലേയില്‍ 14 ടീമുകള്‍ മാറ്റുരച്ചു. ഒരു കാലുമാത്രം മതി ഓടാനെന്ന് ആത്മവിശ്വാസം പകരാന്‍ തനിക്ക് മാരത്തണിലൂടെ കഴിയുന്നതായി മാരത്തണില്‍ പങ്കെടുത്ത ഇന്ത്യക്കാരനായ ആദ്യ ബ്ലേഡ് റണ്ണര്‍ മേജര്‍ ഡി പി സിങ് പറഞ്ഞു. ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ഏതു ന്യൂനതയും മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തിനിടെയാണ് മേജര്‍ ഡി പി സിങിന് വലതുകാല്‍ നഷ്ടമായത്. മേജര്‍ ഡി പി സിങ് നേതൃത്വം നല്‍കിയ ബ്ലേഡ് റണ്ണര്‍മാരുടെ ക്ലബ്ബിലെ അംഗങ്ങളും മാരത്തണില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it