വിജയത്തോടെ തുടങ്ങാന്‍ ബാംഗ്ലൂരും ഹൈദരാബാദും

ബംഗളൂരൂ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ രണ്ട് തവണ റണ്ണേഴ്‌സപ്പായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എതിരിടും. രാത്രി എട്ടിന് ബാംഗ്ലൂരിലെ ചിന്നിസ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ഇന്ത്യന്‍ ബാറ്റിങ് സ്റ്റാര്‍ വിരാട് കോഹ് ലിയുടെ കീഴിലാണ് ബാംഗ്ലൂര്‍ ഐപിഎല്ലിനെത്തിയിരിക്കുന്നത്. എന്നാല്‍, ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ കപ്പിത്താന്‍. മികച്ച താരങ്ങളുണ്ടായിട്ടും ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാത്ത ടീമാണ് ബാംഗ്ലൂര്‍. ഇത്തവണ ആ ചീത്തപേര് മാറ്റാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോഹ്‌ലിയും സംഘവും.
കോഹ്‌ലിക്കു പുറമേ കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും ബാംഗ്ലൂര്‍ നിരയിലാണ് അണിനിരയ്ക്കുന്നത്. ഈ സീസണില്‍ ടീമിലെത്തിയ ഷെയ്ന്‍ വാട്‌സനും ബാംഗ്ലൂരിന്റെ പ്രതീക്ഷയാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ഒരുപറ്റം മികച്ച ബൗളര്‍മാരും ബാംഗ്ലൂര്‍ സംഘത്തിനൊപ്പമുണ്ട്. കേരള ക്രിക്കറ്റ് താരം സചിന്‍ ബേബി ബാംഗ്ലൂര്‍ ടീമിലുണ്ട്.
അതേസമയം, വാര്‍ണര്‍, ശിഖര്‍ ധവാന്‍, ഇയാന്‍ മോര്‍ഗന്‍, കെയ്ന്‍ വില്യംസണ്‍ എന്നീ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് അങ്കത്തട്ടിലിറങ്ങുന്നത്. പരിക്കേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സേവനം ഇന്ന് സണ്‍റൈസേഴ്‌സിന് ലഭിക്കില്ല.
Next Story

RELATED STORIES

Share it