വിചാരണ വൈകുന്നു; കേസുകളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കാലതാമസം കൂടാതെ വിചാരണ ഉറപ്പുവരുത്തുന്നതിനാണ് 2012ല്‍ ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമം ആവിഷ്‌കരിച്ചത്. എന്നാല്‍, അത്തരം കേസുകള്‍ വിചാരണ കാത്ത് കെട്ടിക്കിടക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രാലയം സമാഹരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
2016 വരെയുള്ള വിവരങ്ങളാണ് മന്ത്രാലയം ശേഖരിച്ചത്. 29 സംസ്ഥാനങ്ങളിലും ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലുമായി മൊത്തം 90,205 കേസുകള്‍ വിചാരണ കാത്ത് കഴിയുന്നതായാണു കണക്ക്. ഒരുവര്‍ഷം മുമ്പ് രാജ്യത്തൊട്ടാകെ 27,558 കേസുകളാണ് കെട്ടിക്കിടന്നത്. സമീപകാലത്തായി കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കുത്തനെയുള്ള വര്‍ധനയ്‌ക്കൊപ്പം അത്തരം കേസുകള്‍ പ്രത്യേക കോടതികളില്‍ കെട്ടിക്കിടക്കുന്നതും ആശങ്കയുളവാക്കുന്നു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. മഹാരാഷ്ട്രയില്‍ 17,300 ഉം യുപിയില്‍ 15,900ഉം മധ്യപ്രദേശില്‍ 10,950ഉം കേസുകള്‍ കെട്ടിക്കിടക്കുന്നു. കേരളം, ഒഡീഷ, കര്‍ണാടക, രാജസ്ഥാ ന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ 3500 മുതല്‍ 5000 വരെ പോക്‌സോ കേസുകള്‍ വിചാരണ കാത്ത് കഴിയുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിതമായ പ്രത്യേക കോടതികളാണ് പോക്‌സോ കോടതികള്‍. കുട്ടികളെ തിരിച്ചറിയുന്നത് ഒഴിവാക്കി സൗഹൃദാന്തരീക്ഷത്തില്‍ രഹസ്യ വിചാരണയ്ക്കുള്ള സംവിധാനവും പോക്‌സോ കോടതികളിലുണ്ട്്. 597 പോക്‌സോ കോടതികളാണ് ഇന്ത്യയിലുള്ളത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തീകരിക്കാനാവുമെന്ന് ഉറപ്പുവരുത്തുന്നതിന് ഏതാണ്ട് ഒരു ജില്ലയില്‍ ഒന്ന് എന്ന നിലയില്‍ കോടതിയുണ്ട്. അതത് സംസ്ഥാന ഹൈക്കോടതികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പോക്‌സോ കോടതികളുടെ പ്രവര്‍ത്തനവും നിയന്ത്രണവും.
നിയമം വ്യവസ്ഥചെയ്യുന്നതുപോലെ കേസുകള്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ മേല്‍നോട്ടസംവിധാനം നടപ്പാക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.



Next Story

RELATED STORIES

Share it