malappuram local

വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: ഗൂഢാലോചന അന്വേഷിക്കണം- ക്ഷേത്രഭരണസമിതി



മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒരുവ്യക്തിയെ കൊണ്ടുമാത്രം ക്ഷേത്രത്തില്‍ പ്രവേശിച്ച് ശ്രീകോവിലുകള്‍ തകര്‍ത്ത് ഉള്ളിലിരിക്കുന്ന വിഗ്രഹങ്ങള്‍ തകര്‍ക്കാനാവില്ല. കൂടുതല്‍ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന സംശയമുണ്ട്. ക്ഷേത്രത്തില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പ്രതി മോഹന്‍കുമാര്‍ എന്തിന് ക്ഷേത്രത്തില്‍ വന്നെന്നതും ദുരൂഹമാണ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ പ്രതിയ്ക്ക് താമസ സൗകര്യം ഏര്‍പ്പാടാക്കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. വിഗ്രഹങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറഞ്ഞ പോലിസ് ഇപ്പോള്‍ വിഗ്രഹത്തിലെ സ്വര്‍ണമായിരുന്നു ലക്ഷ്യമെന്നാണ് പറയുന്നത്. വിഗ്രഹത്തിലുണ്ടായിരുന്നത് സ്വര്‍ണമല്ലാത്തതിനാല്‍ പ്രതി വിഗ്രഹം തകര്‍ക്കുകയായിരുന്നെന്നും പോലിസ് പറയുന്നു. പ്രദേശത്ത് നിലനില്‍ക്കുന്ന ആശങ്കകള്‍ നീക്കുന്നതിനും ആസൂത്രിത ഗൂഡാലോചന തെളിയിക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണം. ക്ഷേത്രം ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സമയോചിത ഇടപെടല്‍ മൂലമാണ് പ്രതിയെ പിടികൂടിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, സെക്രട്ടറി കെ പി സുബ്രഹ്മണ്യന്‍, കളരിക്കല്‍ സതീഷന്‍, സി ശശികുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it