Editorial

വികസിതലോകത്തെ അപസ്വരങ്ങള്‍



ലോക പരിസ്ഥിതിദിനം ആചരിക്കാന്‍ തയ്യാറെടുക്കുന്ന വേളയില്‍ തന്നെയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു തങ്ങള്‍ പിന്‍വാങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഉടമ്പടി കൊണ്ട് തങ്ങള്‍ക്കു ഗുണമില്ലെന്നും ഇനിയങ്ങോട്ട് അമേരിക്ക സ്വന്തം കാര്യം മാത്രം നോക്കിനടക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്ക മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ കൈകടത്തുന്നത് ഒഴിവാക്കിയിരുന്നുവെങ്കില്‍ ലോകത്ത് ഒരുപാട് ദുരിതങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. ഇന്നു പശ്ചിമേഷ്യ ഒരു നരകഭൂമിയായി മാറിയത് ഇറാഖിലും മറ്റു രാജ്യങ്ങളിലും അമേരിക്ക നടത്തിയ അധിനിവേശ യുദ്ധങ്ങളെ തുടര്‍ന്നാണ്. ഇപ്പോഴും കൊറിയയിലും മറ്റു പ്രദേശങ്ങളിലും അമേരിക്കയുടെ ഇടങ്കോലിടലുകള്‍ ലോകസമാധാനത്തിനു വലിയ ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു. എന്നാലും, കഴിഞ്ഞ മാസം അവസാനം നടന്ന ജി-7 സമ്മേളനത്തിലും അതിനു ശേഷമുള്ള സംഭവങ്ങളിലും കണ്ടത് മുതലാളിത്തലോകത്തെ വന്‍ശക്തികള്‍ തമ്മില്‍ ഇതിനു മുമ്പില്ലാത്തവിധം ശക്തമായിരിക്കുന്ന ഭിന്നതകളാണ്. അതിന്റെ ഏറ്റവും ശക്തമായ പ്രതിഫലനം കണ്ടത് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ ജി-7 സമ്മേളന ശേഷം മ്യൂണിക്കില്‍ നടത്തിയ ഒരു പ്രഖ്യാപനത്തിലാണ്. യൂറോപ്യന്‍ സമൂഹത്തിന് ഇനി സ്വന്തം ഭാഗധേയം സ്വയം നോക്കേണ്ടതായി വരുമെന്നും ആഗോളതലത്തില്‍ വിശ്വസനീയമായ സഖ്യകക്ഷികള്‍ നിലനില്‍ക്കുന്നില്ല എന്നുമാണ് മെര്‍ക്കല്‍ പറഞ്ഞത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ജര്‍മനിയും പടിഞ്ഞാറന്‍ ലോകവും പൊതുവില്‍ അമേരിക്കയുടെ കൊടിക്കീഴിലാണ് അണിനിരന്നിരുന്നത്. അതിന്റെ സായുധശേഷിയുടെ പ്രകടനമായാണ് ഉത്തര അത്‌ലാന്റിക് സഖ്യം അഥവാ നാറ്റോ എന്ന സൈനിക സഖ്യം ഉയര്‍ന്നുവന്നത്. അതിന്റെ സാമ്പത്തികരംഗത്തെ അധികാരകേന്ദ്രങ്ങളായാണ് ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും സ്ഥാപിച്ചത്. അതേ ലോകക്രമത്തിന്റെ രാഷ്ട്രീയകേന്ദ്രമായാണ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയും പിന്നീട് ജനീവയില്‍ ലോക വ്യാപാര സംഘടനയും കെട്ടിപ്പടുത്തത്. ഇപ്പോഴത്തെ ലോകക്രമം തകര്‍ച്ചയുടെ വക്കിലാണെന്നു പറയുന്നത് അതിന്റെ ഏറ്റവും വലിയ പിന്തുണക്കാരായിരുന്ന ജര്‍മനിയുടെ ചാന്‍സലര്‍ തന്നെയാണ്. യൂറോപ്പ് സ്വന്തം നിലയില്‍ ലോകരംഗത്ത് ഇടപെടാനുള്ള സംവിധാനങ്ങളെക്കുറിച്ചു ചിന്തിക്കണം എന്നാണ് അവര്‍ പറഞ്ഞത്. തീര്‍ച്ചയായും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം ലോകസമൂഹത്തിനു തന്നെ വലിയ ഭീഷണിയാണ്. ലോകത്ത് ചൈന കഴിഞ്ഞാല്‍ ആഗോളതാപനകാരിയായ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഏറ്റവും ഉത്തരവാദി അമേരിക്കയാണ്. എന്നിട്ടും ട്രംപ് താപനത്തിനു കുറ്റപ്പെടുത്തിയത് വികസ്വര രാജ്യങ്ങളായ ചൈനയെയും ഇന്ത്യയെയുമാണ്. എന്നാല്‍, ഈ രാജ്യങ്ങളാകട്ടെ, പരിസ്ഥിതിസൗഹൃദപരമായ പുതിയ ഊര്‍ജമേഖലകള്‍ വികസിപ്പിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലാണുതാനും. വികസിതലോകത്ത് ഇന്നു കടുത്ത അസ്വസ്ഥതകള്‍ വ്യാപകമാണ് എന്നു തീര്‍ച്ച. അതു ലോകത്ത് പുതിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കും. അത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് പുതിയ സാധ്യതകളും അവസരങ്ങളും തുറന്നുതരുമെന്നതും അവഗണിക്കാവുന്നതല്ല.
Next Story

RELATED STORIES

Share it