kasaragod local

വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം



കാസര്‍കോട്്: വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം കൂടുതല്‍ ആവശ്യമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ജില്ലാ പഞ്ചായത്തുകള്‍ നല്‍കുന്ന തുകയ്‌ക്കൊപ്പം ജനങ്ങളുടെ ഭാഗത്തുനിന്നു കൂടി സഹായങ്ങള്‍ ഉറപ്പായാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വാര്‍ഷിക പദ്ധതി രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനകീയ കൂട്ടായ്മയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. ഇത്തരം ജനകീയ കൂട്ടയ്മയോടെ പദ്ധതി വിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കാസര്‍കോട് ജില്ല മുന്നിലാണ്. ഉദ്യോഗസ്ഥരുടെ കുറവ് ഉള്‍പ്പെടെ പല മേഖലകളിലും ജില്ല പിന്നിലാണെങ്കിലും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്താണ് ജില്ല. കാസര്‍കോടിന് 33 വയസുതികഞ്ഞ അവസരത്തില്‍ ഈ നേട്ടം അഭിമാനകരമാണ്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ഉണ്ടെങ്കിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. എന്നാല്‍ അതിനനുസരിച്ചുള്ള നിക്ഷേപം ജില്ലയില്‍ ഉണ്ടാകുന്നില്ല. ഈ അവസരത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ് മീറ്റിനുള്ള നീക്കം അഭിനന്ദനാര്‍ഹമാണെന്നും എംപി പറഞ്ഞു.ജില്ലാ പഞ്ചായത്ത് വികസന രേഖ പി കരുണാകരന്‍ എംപി പ്രകാശനം ചെയ്്തു. ആഗസ്ത്്-സപ്തംബര്‍ മാസത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ് മീറ്റ് സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ അറിയിച്ചു. വ്യവസായ മേഖല, കാസര്‍കോട്് ചേംബര്‍ ഓഫ് കോമേഴ്‌സ്, എംപി, എംഎല്‍എമാര്‍ തുടങ്ങി എല്ലാ മേഖലകളുടെയും സഹായത്തോടെയാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി 2017-2018 വാര്‍ഷിക പദ്ധതി (കരട്) അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ പി ഉഷ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ.സി തമ്പാന്‍(സീനിയര്‍ സയന്റിസ്റ്റ്), ജില്ലാ പഞ്ചായത്ത് സെക്രട്ടി പി നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് വി വി ശശി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലയിലെ വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it