kannur local

വികസനമെന്നാല്‍ വിഐപികള്‍ക്കു വേണ്ടി കുടിയൊഴിപ്പിക്കലല്ല: വി എം സുധീരന്‍

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തി കോളനിയെ ഉള്‍പ്പെടുത്തി ദേശീയപാത അലൈന്‍മെന്റ് മൂന്നാം തവണ മാറ്റിയത് ഏതു വിഐപിക്കു വേണ്ടിയാണെന്നു വ്യക്തമാക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ദലിത് കുടുംബങ്ങളെ കുടിയിറക്കുന്ന തുരുത്തി ദേശീയപാത അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് പട്ടികജാതി വര്‍ഗ പരിസ്ഥിതി പൗരവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഐപി പരാമര്‍ശത്തിലൂടെ സമ്പന്നര്‍ പറയുന്നതാണ് നടക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്. ദലിതരുടെ ജീവിതം അധികൃതര്‍ക്കു പ്രശ്‌നമല്ല. വികസനമെന്നാല്‍ വിഐപികള്‍ക്കു വേണ്ടി പാവങ്ങളെ കുടിയൊഴിപ്പിക്കലല്ല. പഴയ ജന്മിമാരുടെയും മാടമ്പിമാരുടെയും നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഐപികള്‍ക്കു വേണ്ടി വികസനമുണ്ടാക്കുക എന്നതാണോ നയമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
സര്‍ക്കാരിന്റെ നിലവിലുള്ള ശൈലി കമ്യൂണിസ്റ്റ് ഭരണത്തിന് യോജിച്ചതല്ല. മുതലാളിമാരെ പ്രീണിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോവുന്നത് സര്‍ക്കാരിന് ഗുണംചെയ്യില്ല. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് എല്ലാവരും ആഗഹിക്കുന്നത്. എന്നാല്‍, ജനവികാരം മാനിക്കാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ നിഷില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it