kozhikode local

വാഹന ഗതാഗതത്തിന് സമരം ശക്തമാക്കും: വ്യാപാരികള്‍

കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി സമരം ശക്തമാക്കുമെന്ന് വ്യാപാരികള്‍. ഇന്നലെ വൈകിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  പൊതുയോഗത്തിലാണ് വ്യാപാരികള്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.  വാഹനം നിരോധിച്ചു എന്നത് നിയമപരമായി നോട്ടിഫൈ ചെയ്യാതെ തെരുവിലൂടെ സഞ്ചരിച്ച ചില വാഹനങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കിയതായി സമിതിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരത്തില്‍ ജനപ്രതിനിധികളും കോര്‍പറേഷനും നിയമം ലംഘിച്ചാല്‍ തങ്ങളെ അവഗണിച്ച് നിര്‍മിക്കാനുദ്ദേശിക്കുന്ന നിയമങ്ങള്‍  വ്യാപാരികളും ലംഘിക്കും. കോര്‍പറേഷന്റെ ജോലി റോഡ് അടിച്ചുവാരുന്നതും റോഡില്‍ തെരുവ് വിളക്ക് കത്തിക്കുന്നതുമാണ്. അതിനപ്പുറത്തേക്ക് നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം അവര്‍ക്കില്ല. വിദേശത്തെ തെരുവുകളെ മിഠായിത്തെരുവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ വിദേശത്ത് നടക്കുന്നതെല്ലാം ഇവിടെയും നടത്തേണ്ടി വരും. പൈതൃകത്തിലേക്ക് തിരിച്ച് പോകാനാണ് തെരുവിനെ വാഹനമുക്തമാക്കുന്നതെങ്കില്‍ ഇനി മുതല്‍ ജനങ്ങളുടെ വസ്ത്രധാരണരീതിയിലും, സഞ്ചാരമാര്‍ഗങ്ങളിലുമെല്ലാം പൈതൃകം  തിരിച്ചുകൊണ്ട് വരാന്‍  സാധിക്കുമോയെന്ന് അദ്ദേഹം പരിഹസിച്ചു. റോഡുകള്‍ നവീകരിക്കുന്നത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വേണ്ടി തന്നെയാണ്. തെരുവ് നാട്ടുകാരുടെതല്ലെന്നും  റോഡിന്റെ പൂര്‍ണ്ണാവകാശം വ്യാപാരികള്‍ക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തീപിടിത്തത്തിന്റെ പേരിലാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതെങ്കിലും തീപിടിത്തത്തിന്റെ കാരണം തെരുവിന്റെ സുരക്ഷിതത്വമില്ലായ്മ അല്ലെന്നും മറിച്ച് അവ മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നവയാണെന്നും നസ്‌റൂദ്ദീന്‍  ആരോപിച്ചു. കൂവല്‍ കേട്ടാല്‍ തളര്‍ന്നുവീഴുന്ന പാര്‍ട്ടിയാണ്  മുസ്‌ലീം ലീഗ് എന്നറിഞ്ഞില്ല. നിലവില്‍ ജനപ്രതിനിധികളെ  ബന്ധിയാക്കി എന്നത്  സത്യമല്ല, പക്ഷെ വേണ്ടി വന്നാല്‍ അത് ചെയ്യും. ഗതാഗതം പുനസ്ഥാപിക്കാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്നും മിഠായിതെരുവില്‍ നടക്കുന്ന അവസാന പൊതുയോഗമാണിതെന്നും ഇനിമുതല്‍ ഇതിലൂടെ വാഹനങ്ങള്‍ ഓടുമെന്നും  അദ്ദേഹം പറഞ്ഞു. നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം വ്യാപാരം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നവീകരണത്തിന്റെ നഷ്ടം സഹിച്ചതെന്നും തെരുവിനകത്ത് പാര്‍ക്കിങ്ങ് സൗകര്യം ഉള്ളപ്പോള്‍  വാഹനം നിരോധിക്കേണ്ട ആവശ്യമില്ലെന്നും  വ്യാപാരികള്‍ യോഗത്തില്‍ അറിയിച്ചു. മിഠായിത്തെരുവിന് അവകാശപ്പെടാനുള്ളത് വ്യാപാര പൈതൃകം മാത്രമാണെന്നും അത് ഇല്ലാതാക്കുന്ന പദ്ധതിയോട് ഒരു കാരണവശാലും യോജിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കെ ഉമ്മര്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായി. കെ സി അബു, സംയുക്ത സമരസമിതി ചെയര്‍മാന്‍ നടരാജ സ്വാമി, സേതുമാധവന്‍, സുനില്‍കുമാര്‍, ഇ പി സുരേഷ്  സംസാരിച്ചു. അതേസമയം രാവിലെ നടന്ന മിഠായി പൈതൃകതെരുവിലെ വാഹന നിരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും എന്നാല്‍ 23ന് നടക്കുന്ന ഉദ്ഘാടനത്തോട് സഹകരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ഇന്നലെ രാവിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.









.
Next Story

RELATED STORIES

Share it