Flash News

വാഴ്‌സിറ്റി മൂല്യനിര്‍ണയത്തില്‍ വ്യാപക ക്രമക്കേട്



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ നടത്തുന്ന 17000ത്തിലധികം പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാംപുകളില്‍ ക്യാംപ് ഓഫിസറായി നിയമിക്കുന്നതു 650 രൂപ നിരക്കില്‍ ദിവസക്കൂലിക്കാരെ. പരീക്ഷാ ഭവനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായിരുന്നു നേരത്തെ ഇത്തരം ചുമതലകള്‍. ഇക്കാരണത്താല്‍ മൂല്യനിര്‍ണയ നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നു മാറ്റി ഏതെങ്കിലും കോളജ് ജീവനക്കാരെയാണു പ്രതിദിനം 650 രൂപ നിരക്കില്‍ നിശ്ചയിക്കുന്നത്. സര്‍വകലാശാലാ ജീവനക്കാര്‍ക്ക് 200 രൂപ ടിഎ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. കൂടാതെ ക്യാംപ് ഓഫിസറായി ദിവസക്കൂലിക്കു പുറത്തു നിന്നുള്ളവരെ നിയോഗിച്ചതോടെ ക്യാംപുകളില്‍ രാവിലെ 15 പേപ്പറും ഉച്ചയ്ക്കു ശേഷം 10 പേപ്പറും നോക്കേണ്ടതിനു പകരം ആയിരക്കണക്കിന് ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ക്കു വീട്ടില്‍ കൊണ്ടുപോവാന്‍ നല്‍കുന്നു. പിന്നീട് ക്യാംപ് അവസാനിക്കുന്ന ദിവസം വന്ന് ഇവര്‍ ഹാജര്‍ ബുക്കില്‍ ഒന്നാകെ ഒപ്പിട്ടാണു ദിവസങ്ങളോളം വന്നതായുള്ള ടി എ ബില്ല് ഒപ്പിട്ടു നല്‍കുന്നത്. ക്യാംപുകളില്‍ അധ്യാപകര്‍ ഇല്ലാതിരിക്കുന്നതിനാല്‍ ഇവര്‍ നല്‍കുന്ന ഉത്തരക്കടലാസിലെ മാര്‍ക്കും മാര്‍ക്ക്ഷീറ്റിലെ മാര്‍ക്കും തമ്മില്‍ പരിശോധിക്കുന്നതിനു കഴിയാത്തതും വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നതിന് കാരണമാവുന്നു. ആരെയെങ്കിലും ക്യാംപ് ഓഫിസറായി പേരിന് നിയമിക്കുന്നതിനാല്‍ നേരത്തെ വിവിധ കോളജുകളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായിരുന്നു. ഇത്തരത്തില്‍ മടപ്പള്ളി ഗവ. കോളജില്‍ നിന്ന് കാണാനില്ലെന്നു പറഞ്ഞ ഉത്തരക്കടലാസുകള്‍ ഒരു അധ്യാപികയുടെ വീട്ടില്‍ നിന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഓരോ ദിവസത്തെയും ക്യാംപ് കഴിഞ്ഞാല്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ക്യാംപ് ഓഫിസര്‍ പൂട്ടി അരക്ക് കൊണ്ട് സീല്‍ ചെയ്യണമെന്നാണ് നിയമമെങ്കിലും ഇത്തരം കാര്യങ്ങളൊന്നും പാലിക്കുന്നില്ല. ഒരു വര്‍ഷം മാത്രം അധ്യാപന പരിചയമുള്ള അധ്യാപകര്‍ പോലും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ ഇവരില്‍ നിന്നുള്ള വീഴ്ചകള്‍ കണ്ടെത്തുന്നതില്‍ ക്യാംപ് ഓഫിസര്‍ പരാജയപ്പെടുന്നതാണു പലതരത്തിലുള്ള കൂട്ടത്തോല്‍വി ആരോപണങ്ങള്‍ക്കും കാരണമാവുന്നത്. ക്യാംപ് ഓഫിസര്‍ നിയമനത്തില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍വകലാശാലയ്ക്കു പരീക്ഷാ കണ്‍ട്രോളര്‍ സൃഷ്ടിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it