malappuram local

വാഴയൂര്‍ പുതുക്കോട്ട് മൂന്ന് വീടുകള്‍ക്കുനേരെ ആക്രമണം



കൊണ്ടോട്ടി: സിപിഎം ബ്രാഞ്ച് ഓഫിസിന് തീയിട്ടതിന് പിന്നാലെ പുതുക്കോട്ട് വീടുകള്‍ക്ക് നേരെയും അക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ അരീക്കുന്നിലെ മൂന്ന് വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂന്ന്് വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. അരീക്കുന്നിലെ എ കെ അച്യുതന്‍, എ കെ ഗിരീഷ്, രാധാകൃഷ്ണന്‍ എന്നിവരുടെ വീടിനുനേരെയാണ് അക്രമമുണ്ടായത്. ചില്ല് കൊണ്ട് എ കെ അച്യുതിന്റെ കണ്ണിന് പരിക്കേറ്റു. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. രാധാകൃണന്റെ ഭാര്യ പ്രിതീയുടെ കാലിന് മുറിവേറ്റു. അച്യുതന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും രാധാകൃഷ്ണന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും അക്രമികള്‍ അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സിപിഎം ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്. ഓഫിസിന് പിറകില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെയാണ് ഓഫിസില്‍ തീ പടരുന്നത് കണ്ടത്. ഫര്‍ണിച്ചറുകളും പോസ്റ്ററുകളും ടെലിവിഷന്‍ ഉള്‍പ്പടെയുളള ഇലക്ട്രോണിക് സാധനങ്ങളും അഗ്നിക്കിരയായി.   മീഞ്ചന്തയില്‍നിന്ന് എത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്. വാഴക്കാട് പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസിന് കാവലും ഏര്‍പ്പെടുത്തി.  ബുധനാഴ്ച രാവിലെ മലപ്പുറത്തുനിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ബോംബിന്റെ സാന്നിധ്യം മണത്തറിയുന്ന ഡോഗ്‌സ്‌കാഡും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തി. ജില്ലാപോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ, ഡിവൈഎസ്പി ജലീല്‍ വതോട്ടത്തില്‍, സിഐ എം മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. സിപിഎം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, എ വിജയരാഘവന്‍, വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.  അക്രമമുണ്ടായതിനെ തുടര്‍ന്ന് കനത്ത പോലിസ് വലയത്തിലാണ് പ്രദേശം. ലോക്കല്‍ പോലിസിന് പുറമേ ദ്രുതകര്‍മസേനയുടെ ഒരു പ്ലാറ്റൂണ്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് വാഴയൂര്‍ പഞ്ചായത്തിലെ കാരാട് ബിജെപി ഓഫിസിന് അജ്ഞാതര്‍ തിയ്യിട്ടിരുന്നത്.  തുടര്‍ന്ന് പ്രദേശത്ത് സര്‍വ്വ കക്ഷിയോഗം നടത്തി സമാധാനം പുനസ്ഥാപിക്കുന്നതിനിടെയാണ് ഇന്നലെ സിപിഎം ഓഫിസിനുനേരെ ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it