Middlepiece

വാരിയംകുന്നനിലൂടെ ഹൃദയപൂര്‍വം...

കെ എം ജാഫര്‍

മഞ്ചേരി പ്രകടനത്തിനു മുമ്പില്‍ വെള്ള വസ്ത്രവും വെള്ള ഷര്‍ട്ടും വെള്ള കോട്ടും ധരിച്ച് ചുവപ്പ് രോമത്തൊപ്പിയും അതിനുചുറ്റും വെള്ള ഉറുമാലും കെട്ടി കൈയില്‍ വാളുമായി മുമ്പില്‍ നടക്കുന്ന ധീരനേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയ ജനങ്ങളുടെ ഹൃദയം തുടിച്ചു. അതാണ്, സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ, സോവിയറ്റ് റഷ്യ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ മൂത്ത പുത്രന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ധീരദേശാഭിമാനി.
അല്ലാഹു അക്ബര്‍ എന്ന വിളി ആകാശത്തേക്കുയര്‍ന്നു. ഹാജിയുടെ തൊട്ടുപിന്നില്‍ പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന നായിക് ഹൈദര്‍ നീളമുള്ള ഒരു കുന്തം പിടിച്ചുനിന്നു. കുഞ്ഞഹമ്മദ് ഹാജി തിരിഞ്ഞുനിന്ന് കൈയുയര്‍ത്തി ഏറനാടിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന 7500ഓളം വരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു. റോഡരികില്‍ കിടന്ന കൂടില്ലാത്ത പോത്തുവണ്ടിയില്‍ നിന്നുകൊണ്ട് പ്രസംഗിച്ചു: ''ഏറനാട്ടുകാരെ, അസ്സലാമുഅലൈക്കും. നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നടക്കേണ്ടവരായിരിക്കുന്നു. ബ്രിട്ടിഷ് ഭരണമാണ് അതിനു കാരണം. അതു മാറ്റണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലേക്കെത്തിയിരിക്കുന്നു.''
കുഞ്ഞഹമ്മദ് ഹാജി ഈ പ്രസംഗത്തില്‍ മാപ്പിളസര്‍ക്കാരിന്റെ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു അഭയവും നല്‍കുന്നതല്ലെന്നും മാപ്പിളരാജ്യത്ത് കാണഭൂമി എന്നൊന്നില്ലെന്നും വസ്തു കൈവശമുള്ളവരെല്ലാം ജന്മിമാരാണെന്നും ഇക്കൊല്ലം ആരും നികുതി അടയ്‌ക്കേണ്ടതില്ലെന്നും വരുംകൊല്ലം നികുതി മുറപോലെ അടയ്‌ക്കേണ്ടിവരുമെന്നും ഹാജി പ്രഖ്യാപിച്ചു.
1757ല്‍ ബംഗാളില്‍ സിറാജുദ്ദീന്‍ ദൗലയോട് തുടങ്ങിവച്ച വഞ്ചനാ നാടകം വീട്ടിക്കുന്ന് ക്യാംപില്‍ അവസാനിക്കുകയായിരുന്നോ? കുഞ്ഞഹമ്മദ് ഹാജിയെയും സംഘത്തെയും അറസ്റ്റ് ചെയ്ത വിവരം പ്രധാന നഗരങ്ങളിലും വില്ലേജുകളിലും ചെണ്ടകൊട്ടി അറിയിച്ചു. പിറ്റേന്ന് 10 മണിയോടെ പട്ടാളക്കാരുടെയും പോലിസിന്റെയും പരിഹാസ്യമായ പേക്കൂത്തുകളോടെ വണ്ടൂര്‍ വള്ളുവങ്ങാട് വഴി മഞ്ചേരിക്കും അവിടെനിന്ന് മലപ്പുറത്തേക്കും കൊണ്ടുവന്നു. പട്ടാളക്കാരും എംഎസ്പിക്കാരും ഹാജിയുടെ മീശ പറിച്ചും അടിച്ചും ചവിട്ടിയും മറ്റും വിജയഭേരി ഉയര്‍ത്തി.
1921 ജനുവരി 20നു കുഞ്ഞഹമ്മദ് ഹാജിയുടെ കേസ് വിസ്തരിച്ച ജഡ്ജി ബ്രിട്ടിഷ് പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയായിരുന്നു. വിസ്താരശേഷം അവസാനമായി വല്ലതും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. തികച്ചും സമാധാനത്തോടെ ഹാജി ചോദിച്ചു: ''എനിക്കുള്ള ശിക്ഷ എന്തെന്നു പറഞ്ഞില്ല. തൂക്കിക്കൊല്ലുകയാണോ വെടിവച്ചുകൊല്ലുകയാണോ. എന്തായാലും എനിക്കു സന്തോഷമാണ്. കാരണം, സ്വതന്ത്ര മണ്ണിലാണ് ഞാന്‍ മരിച്ചുവീഴുന്നത്. എനിക്ക് രണ്ടു റക്കഅത്ത് നമസ്‌കരിക്കാന്‍ അനുവാദം തരണം. ഈ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പൊരുതാനും ജീവന്‍ ത്യജിക്കാനും ഈ എളിയവന് അവസരം തന്ന അല്ലാഹുവിനോട് നന്ദി പറയണം. ഈ ഒരാഗ്രഹം മാത്രമേ എനിക്കുള്ളൂ.'' ഇതിനെ ഹിച്ച്‌കോക്ക് എതിര്‍ത്തു. എന്നാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന ബ്രിട്ടിഷ് നിയമമനുസരിച്ച്, മഹാനായ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ പുത്രന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ആഗ്രഹം കേണല്‍ ഹംഫ്രി സാധിച്ചുകൊടുത്തതായി രേഖകളില്‍ കാണാം.
ജനുവരി 22നു രാവിലെ കോട്ടക്കുന്നിന്റെ വടക്കേ ചരിവില്‍ മലപ്പുറം-മഞ്ചേരി റോഡിനോട് ചേര്‍ന്ന്, ഇന്നത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഓഡിറ്റോറിയത്തിനടുത്തായിരുന്നു വധശിക്ഷയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം. വെടിവയ്ക്കുന്നതിനു മുമ്പ് അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന്, ആ ധീരദേശാഭിമാനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഞങ്ങള്‍ മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണുകെട്ടി പിറകില്‍നിന്ന് വെടിവച്ചുകൊല്ലുകയാണ് പതിവെന്നു കേട്ടു. ഈയുള്ളവനെ കണ്ണുകെട്ടാതെ മുമ്പില്‍നിന്ന് നെഞ്ചിലേക്ക് വെടിവയ്ക്കാനുള്ള സന്മനസ്സ് കാണിക്കണം. എനിക്ക് ഈ മണ്ണ് കണ്ടുകൊണ്ട് മരിക്കണമെന്നു മാത്രമാണ് പറയാനുള്ളത്.'' അത് കമാന്‍ഡര്‍ കേണല്‍ ഹംഫ്രി സ്വീകരിച്ചു. രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കേ ചരിവില്‍ വച്ച് ആ മഹാ ഇതിഹാസത്തെ വെടിവച്ചുകൊല്ലുകയും ചെയ്തു.
1921 ജനുവരി 22ന് രാവിലെ 10 മണിക്ക് തക്ബീര്‍ ധ്വനിയോടെ വെടിയുണ്ടയ്ക്ക് വിരിമാറുകാട്ടി കുഞ്ഞഹമ്മദ് ഹാജിയെന്ന മഹാ ഇതിഹാസം അവിടെ അസ്തമിച്ചു. വാരിയംകുന്നത്ത് കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മലബാര്‍ മാപ്പിളലഹള-വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണ സമ്മേളനം 2016 ഏപ്രില്‍ 3 ഞായറാഴ്ച 9.30 മുതല്‍ 6.30 വരെ മലപ്പുറം വള്ളുവങ്ങാട് വാരിയംകുന്നത്ത് നഗറില്‍ നടക്കുകയാണ്.
Next Story

RELATED STORIES

Share it