palakkad local

വാട്ടര്‍മീറ്റര്‍ പെട്ടിയില്‍ ഒളിപ്പിച്ചുവച്ച ഏഴുപവന്‍ പോലിസിലേല്‍പ്പിച്ചു

പാലക്കാട്: നഗരത്തിലെ ജ്യൂസ് കടക്ക് മുന്നിലെ വാട്ടര്‍മീറ്റര്‍ പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയ ഏഴുപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണം പോലിസിനെ ഏല്‍പ്പിച്ച് മാതൃകയായി. മഞ്ഞക്കുളം പള്ളിക്ക് സമീപം വ്യാപാരഭവന്‍ കെട്ടിടത്തിലെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ജ്യൂസ് കടയുടെ മുന്നില്‍ നിന്നാണ് ഇന്നലെ രാവിലെ സ്വര്‍ണാഭരണം അടങ്ങുന്ന പൊതി കണ്ടെടുത്തത്.
കടയുടമ പാലക്കാട് മൈത്രിനഗര്‍ ടി പി സക്കരിയ സ്വര്‍ണാഭരണം പോലിസിലേല്‍പ്പിച്ചു. സ്വര്‍ണത്തിന് ഏകദേശം ഒന്നരലക്ഷം രൂപ വിലവരും.
ഇന്നലെ രാവിലെ പത്തോടെ സക്കരിയയും സഹോദരീപുത്രന്‍ കെ ടി അബ്ദുല്‍സലാമും എത്തി കടയുടെ ഷട്ടര്‍ തുറക്കുന്നതിന് മുമ്പ് മീറ്റര്‍ ബോക്‌സിനുള്ളിലെ പത്രങ്ങള്‍ എടുത്തശേഷമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണാഭരണം ലഭിച്ചത്. ഏതാനും ലോട്ടറി ടിക്കറ്റുകളും വൈദ്യുതിബില്ലും റെയില്‍വെ ടിക്കറ്റും പൊതിയിലുണ്ടായിരുന്നത് ഉടമയെക്കുറിച്ച് പോലിസിന് സൂചന ലഭിക്കാന്‍ ഇത് സഹായകമായി. മുംബൈയില്‍ നിന്ന് കായംകുളത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ് ഉണ്ടായിരുന്നത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമയെക്കുറിച്ച് പോലിസിന് ഏകദേശവിവരം ലഭിച്ചിട്ടുണ്ട്.
പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് എസ്‌ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസാണ് പൊതി ഏറ്റെടുത്തത്. ഇരുപതും പത്തും ഗ്രാം തൂക്കംവരുന്ന രണ്ട് നെക്‌ലസുകളും 22.510 ഗ്രാം തൂക്കമുള്ള ലോക്കറ്റോടുകൂടിയ സ്വര്‍ണമാലയുമാണ് കണ്ടെടുത്തത്. അതേസമയം ഉടമയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നാണ് പോലിസ് നിലപാട്.
Next Story

RELATED STORIES

Share it