palakkad local

വാഗ്ദാനം ചെയ്ത തുക നല്‍കിയില്ല; നടപ്പാലം നിര്‍മാണം പാതിവഴിയില്‍

പട്ടാമ്പി: എംഎല്‍എയും എംപിയും വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാത്തതിനാല്‍ പട്ടാമ്പി  സ്റ്റേഷനിലെ നടപ്പാല നിര്‍മാണത്തില്‍ നിന്നും ദക്ഷിണ റെയില്‍വേ പിന്മാറി. ആദ്യ ഗഡുവായി  റെയില്‍വേക്ക് നല്‍കിയ  തുക തിരിച്ച് വാങ്ങാന്‍ നഗരസഭ തീരുമാനിച്ചു.  പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളിലൂടെ വഴിയാത്രക്കാര്‍ക്കായി നടപ്പാലം നിര്‍മിക്കാനായിരുന്നു തീരുമാനം.
രണ്ട് കോടി 12 ലക്ഷം രൂപ നഗരസഭ റെയില്‍വേക്ക് നല്‍കിയാല്‍ നടപ്പാലം നിര്‍മിച്ചു നല്‍കുമെന്നാണു റെയില്‍വേ നഗരസഭയെ നേരത്തെ  അറിയിച്ചിരുന്നത്. നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഇത്രവലിയ സംഖ്യ നല്‍കാനാകില്ലെന്നു കണ്ടതോടെ എംപി യുടെയും എംഎല്‍എയുടെയും സഹായം തേടാന്‍ നഗരസഭ തീരുമാനിച്ചു. നഗരസഭ ആവശ്യപ്പെട്ടപ്പോള്‍ നടപ്പാല നിര്‍മാണത്തിന് 50 ലക്ഷം രൂപ വീതം  നല്‍കുമെന്ന് അറിയിച്ചു.
നഗരസഭ തുക നല്‍കിയാല്‍ എംപിയും,  എംഎല്‍എയും തുക റെയില്‍വേക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. തീരുമാനപ്രകാരം കഴിഞ്ഞ ജനുവരി 18നു നഗരസഭ ആദ്യ ഗഡുവായി 62,70, 333 രൂപ റെയില്‍വേക്ക് കൈമാറി.
സതേണ്‍ റെയില്‍വേ  സീനിയര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടസ് മാനേജര്‍ക്കാണു തുക കൈമാറിയത്. ഗവ. ആശുപത്രി  റോഡിനെയും,  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെയും ബന്ധിപ്പിച്ച് റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളിലൂടെ നടപ്പാലം പണിയാനായിരുന്നു റെയില്‍വേ എസ്റ്റിമേറ്റ് തയ്യാറാക്കി നഗരസഭയോട് തുക റെയില്‍വേയിലടക്കാന്‍ ആവശ്യപ്പെട്ടത്. നഗരസഭ തുക കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും  എംപിയും എംഎല്‍എയും വാഗ്ദാനം ചെയ്ത തുക നല്‍കിയില്ല. ഇതിനിടെ റെയില്‍വേ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി.
നേരത്തെ ആവശ്യപ്പെട്ടതിലും ഒരു കോടി രൂപ കൂടി അധികം വരുന്ന എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. പുതിയ എസ്റ്റിമേറ്റില്‍ തുക കൂട്ടുകയും, ഗവ. ആശുപത്രിയുടെ എതാനും ഭാഗങ്ങള്‍ നടപ്പാല നിര്‍മണത്തിന് റെയില്‍വേ ആവശ്യപ്പെടുകയും ചെയ്തതോടെ റയില്‍വേ ആവശ്യം നഗരസഭക്ക് അംഗീകരിക്കാന്‍ കഴിയാതെയായി. ഇതോടെയാണു നഗരസഭ റെയില്‍വേക്ക് നല്‍കിയ തുക തിരിച്ച് വാങ്ങാന്‍ തീരുമാനിച്ചത്.
റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ മൂന്നു മീറ്റര്‍ വീതിയില്‍ അടിപ്പാത നിര്‍മിക്കാമെന്ന പുതിയ  വാഗ്ദാനവുമായി കഴിഞ്ഞ ദിവസം റെയില്‍വേ അധികൃതരും എംബി രാജേഷ് എംപിയും മുഹമ്മദ് മുഹസിന്‍ എംഎല്‍എയും സ്ഥല പരിശോധന നടത്തിയിരുന്നു. ഒരുവര്‍ഷം മുന്‍പ്  ഇതേ സ്ഥലം  പരിശോധിച്ച റെയില്‍വേ സംഘം അടിപ്പാതക്ക് അനുമതി നല്‍കില്ലെന്നാണ് അന്ന് അറിയിച്ചത്.
അന്ന് സ്ഥല പരിശോധന നടത്തിയ സംഘം റെയില്‍വേ സ്‌റ്റേഷന് മുകളിലൂടെ നടപ്പാലം നിര്‍മിക്കാന്‍ റെയില്‍വേ  അനുമതി നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതേ  തുടര്‍ന്നാണു നഗരസഭ നടപ്പാല നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. നടപ്പാല നിര്‍മാണത്തിന് സാങ്കേതിക തടസ്സങ്ങളുള്ളതായാണ് ഇപ്പോള്‍ റെയില്‍വേ അധികൃതര്‍ പറയുന്നത്.
അടിപ്പാത നിര്‍മാണത്തിന് ആവശ്യമായ സ്ഥലം നഗരസഭ അക്വയര്‍ ചെയ്ത് നല്‍കിയാല്‍ നിര്‍മാണത്തിന്  കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുമെന്നാണ് എംപിയും എംഎല്‍യും ഇപ്പോള്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ കാലങ്ങളില്‍ എംപി, എംഎല്‍എ എന്നിവരും ഏതാനും ഉേദ്യാഗസ്ഥരും കൂടി റെയില്‍വേ നടപ്പാലത്തിന്റെ പേരില്‍ പട്ടാമ്പിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഇടയില്‍ കബളിപ്പിക്കല്‍ നാടകം കളിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it