വവ്വാലുകളിലൂടെ നിപാ വൈറസ് പടരില്ലെന്ന് പക്ഷിനിരീക്ഷകര്‍

പൊന്നാനി: 10ലധികം പേരുടെ മരണത്തിനിടയാക്കിയ നിപാ പനിയുടെ വൈറസ് വവ്വാലുകളിലൂടെ പടരുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് പക്ഷിനിരീക്ഷകര്‍. നിപാ പടര്‍ന്നുപിടിച്ചത് വവ്വാലുകളില്‍ നിന്നാണെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടയിലാണ് ഇത്തരമൊരു സാധ്യതയെത്തന്നെ പക്ഷിനിരീക്ഷകര്‍ തള്ളിക്കളയുന്നത്. കൂടുതല്‍ പേര്‍ മരിച്ച കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്ന് പിടികൂടിയിരിക്കുന്നത് പ്രാണികളെ തിന്നു ജീവിക്കുന്ന ചെറിയ വവ്വാലുകളെയാണ്. നരിച്ചീറുകള്‍ എന്നും വിളിക്കപ്പെടുന്ന ഇവയില്‍ ഇതുവരെ ലോകത്ത് ഒരിടത്തും നിപാ വൈറസിനെ കണ്ടെത്തിയിട്ടില്ല. പഴങ്ങള്‍ തിന്നു ജീവിക്കുന്ന വലിയ വവ്വാലുകളിലാണ് നിപ്പാ വൈറസിനെ കണ്ടെത്തിയിട്ടുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും ഇവയില്‍ നിന്നായിരുന്നു രോഗം വ്യാപിച്ചത്. എന്നാല്‍ വവ്വാലുകള്‍, പ്രത്യേകിച്ചും പഴം തിന്നു ജീവിക്കുന്ന വവ്വാലുകള്‍ 50 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരത്തില്‍ മാത്രം സഞ്ചരിക്കുന്നവയാണെന്നാണ് പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്ടെ വവ്വാലുകള്‍ക്ക് ബംഗ്ലാദേശ്, കിഴക്കന്‍ ഇന്ത്യ തുടങ്ങി നേരത്തെ നിപാ വൈറസ് സ്ഥിരീകരിച്ച നാടുകളിലെ വവ്വാലുകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. ദേശാടനപ്പക്ഷികളിലൂടെയും രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ ഡോ. ആര്‍ സുഗതന്റെ അഭിപ്രായം. വവ്വാലില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന നിഗമനം ശരിയാവാനിടയില്ലെന്നാണ് ഒരു വിഭാഗം ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. വവ്വാലില്‍ നിന്ന് ആയിരുന്നെങ്കില്‍ രോഗവ്യാപനം ഇതിലും രൂക്ഷമാവുമായിരുന്നുവെന്ന് അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it