Kollam Local

വഴിയാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍



കൊട്ടിയം: കൊട്ടിയം പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നവദീപ് പബ്ലിക് സ്‌കൂളിന് സമീപം വച്ച് കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനെ ബൈക്കിലെത്തി ആക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും മറ്റും കവര്‍ന്ന കേസിലെ രണ്ടുപേരെ കൊല്ലം സിറ്റി കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ വടക്കുംകര കിഴക്കതില്‍ കല്ലുവിള വീട്ടില്‍ രതീഷ് (ധനില്‍കൃഷ്ണ-31), ഉമയനല്ലൂര്‍ പുതുച്ചിറ ലക്ഷംവീട് നമ്പര്‍ 14-ല്‍ ഷാന്‍രാജ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാസം 19ന് രാത്രി 11ഓടെയാണ് കൊല്ലം നഗരത്തിലെ ഒരു കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായ മുഖത്തല ഡീസന്റ് ജങ്ഷനില്‍ സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വഴി നവദീപ് പബ്ലിക് സ്‌ക്കൂളിന് സമീപം വച്ച് പ്രതികള്‍ ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തുകയും, ക്രൂരമായി ആക്രമിച്ച ശേഷം മൊബൈല്‍ ഫോണും പണവും മറ്റും കവര്‍ന്നത്.  തുടര്‍ന്ന് സുനില്‍കുമാര്‍ കൊട്ടിയം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കൊട്ടിയം പോലിസും ഷാഡോ പോലീസും സൈബര്‍സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. മോഷണത്തിന് ശേഷം പ്രതികള്‍ കഴിഞ്ഞയാഴ്ച മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ സുഹൃത്തായ ഓട്ടോഡ്രൈവര്‍ക്ക് കൈമാറിയിരുന്നു. ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഉച്ചയോടുകൂടി പ്രതികള്‍ പിടിയിലായത്.  കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്‌കോശി, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജയനാഥ്, കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, കൊട്ടിയം എസ്‌ഐ ബിജു,  എഎസ്‌ഐ അഷറഫ്, ഷാന്‍സിങ് , ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it