thiruvananthapuram local

വര്‍ക്കലയില്‍ കഞ്ചാവ് ലോബി പിടിമുറുക്കുന്നു; പോലിസും എക്‌സൈസും പരിശോധന ഊര്‍ജിതപ്പെടുത്തി

വര്‍ക്കല: ടൂറിസം സീസണ്‍, തീര്‍ഥാടനം, ന്യൂഇയര്‍ എന്നിവ മുന്നില്‍ക്കണ്ട് വര്‍ക്കലയിലും പരിസരത്തും കഞ്ചാവ് ലോബികള്‍ പിടിമുറുക്കുന്നു.
കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ വന്‍തോതില്‍ വര്‍ക്കലയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ്, എക്‌സൈസ് അധികൃതര്‍ മേഖലയില്‍ പരിശോധന ഊര്‍ജിതപ്പെടുത്തി. തീരദേശ മേ—ഖലയിലും കോളനിപ്രദേശങ്ങളിലുമാണ് വിപണനം കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്‍ഭാട ജീവിതം നയിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ലഹരി ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ടുണ്ട്. എട്ടാംതരം മുതല്‍ പ്ലസ്ടു, ഡിഗ്രി തലംവരെയുള്ള വിദ്യാര്‍ഥികളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചിട്ടുള്ളതായും ഏറിയും കുറഞ്ഞും ചിലയിടങ്ങളില്‍ പെണ്‍കുട്ടികളും ഇതിനു പിന്നാലെ പരക്കം പായുന്നതായും നിരീക്ഷിച്ചറിഞ്ഞതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ പ്രതാപന്‍ നായര്‍ വെളിപ്പെടുത്തി. എറണാകുളം ടൗണില്‍ സര്‍വസാധാരണമായി ഉപയോഗത്തിലുള്ള സ്റ്റാമ്പ് എന്ന മയക്കുമരുന്നും വര്‍ക്കല തീരങ്ങളിലെത്തിയിട്ടുണ്ട്. എ ഫോര്‍ പേപ്പറില്‍ 80 സ്റ്റാമ്പിന്റെ മാതൃകകള്‍ പതിച്ച നിലയിലുള്ളതാണ് ഇത്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്ന് അടുത്തിടെ മാറി ലഹരിക്കു പിന്നാലെ കൂടുതല്‍ പ്രവണതയാണ് വിദ്യാര്‍ഥികളില്‍ കണ്ടുവരുന്നത്. നിയമത്തിന്റെ പഴുത് അറിയാവുന്ന ലോബികള്‍ വിതരണക്കാരുടെ കൈവശം 100 ഗ്രാമില്‍ താഴെ മാത്രമേ കഞ്ചാവ് നല്‍കിവിടാറൂള്ളൂ. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങാന്‍ കഴിയും എന്നതിനാലാണിത്. ഇക്കഴിഞ്ഞ 24ന് എക്‌സൈസ് വര്‍ക്കല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ താഴെവെട്ടൂര്‍ സ്വദേശി നിസാറിനെ 28 പൊതി കഞ്ചാവുമായാണ് പിടികൂടിയത്. വിദേശ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനത്തിന് സാഹചര്യമില്ലാത്ത ചിലരെങ്കിലും ലഹരിവസ്തുക്കള്‍ക്കു പതിയെ അടിമപ്പെടുന്നതായാണ് അറിയുന്നത്. ശനി, ഞായര്‍ ദിനങ്ങളിലും പൊതു അവധിദിനങ്ങളിലും വര്‍ക്കലയില്‍ പുറമെനിന്ന് സംഘം ചേര്‍ന്ന് ഉല്ലാസത്തിനെത്തുന്ന വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും നിരീക്ഷണത്തിലാണ്. കഴക്കൂട്ടം മേഖലയില്‍നിന്ന് ചില സ്വകാര്യകമ്പനി ജീവനക്കാരും വര്‍ക്കലയില്‍ പതിവായെത്തി ദിവസങ്ങള്‍ തങ്ങി മടങ്ങുന്നതും ആശങ്കയ്ക്കു വഴിവയ്ക്കുന്നു.
Next Story

RELATED STORIES

Share it