വരള്‍ച്ച: സിഡബ്ല്യൂആര്‍ഡിഎം റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി

കോഴിക്കോട്/പത്തനംതിട്ട: പ്രളയത്തിനു ശേഷം പുഴകളിലും കിണറുകളിലും വെള്ളം വറ്റിപ്പോവുന്ന പ്രതിഭാസത്തെ കുറിച്ച് സിഡബ്ല്യൂആര്‍ഡിഎം പഠനം നടത്തിയിട്ടുണ്ടെന്നും അവരുടെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജലവിഭവ മന്ത്രി മാത്യു ടി തോമസ്.
വെള്ളപ്പൊക്കത്തിനു ശേഷം മിക്ക സ്ഥലങ്ങളിലെയും പുഴകളിലും കിണറുകളിലും വേനല്‍ക്കാലത്തെ പോലെ വെള്ളം കുറഞ്ഞിട്ടുണ്ട്. സിഡബ്ല്യൂആര്‍ഡിഎം ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം സിഡബ്ല്യൂആര്‍ഡിഎമ്മില്‍ പ്രളയം 2018 കാരണങ്ങള്‍, സന്നദ്ധത, ലഘൂകരണ മാര്‍ഗങ്ങള്‍ വിഷയത്തില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കനത്ത മഴയും പ്രളയവും മൂലം സുലഭമായി ജലമുണ്ടാവുമെന്നും ജലക്ഷാമം ഉണ്ടാവില്ലെന്നുമുള്ള അബദ്ധധാരണ വച്ചുപുലര്‍ത്തരുത്. കരുതലോടെ വേണം ജലം ഉപയോഗിക്കാന്‍. ഹരിതകേരളം മുന്നോട്ടു വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹരജിയില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധ സമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന വാദത്തില്‍ മാത്രമാണ് സര്‍ക്കാരിനു വിയോജിപ്പുണ്ടായിരുന്നത്. ഈ വിയോജിപ്പ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഈ ഹരജി സര്‍ക്കാരിനു വേണ്ടി കേസ് നടത്തുന്നതിനുള്ള കുതന്ത്രമാണ് എന്നുപോലും തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സമിതിയെക്കൊണ്ടുള്ള ഡാമിന്റെ ബലപരിശോധന എന്ന ആവശ്യത്തിന്മേല്‍ ഒരഭിപ്രായവും ഉന്നയിക്കുന്നതിനു സര്‍ക്കാര്‍ അഭിഭാഷകന് യാതൊരവസരവും ഉണ്ടായില്ല. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മറുപടി നല്‍കണമെന്നതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it