Flash News

വരള്‍ച്ച: നഷ്ടം 280 കോടി



തൃശൂര്‍: അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ച കേരളത്തിലെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഇതുവരെയുള്ള കണക്കു പ്രകാരം 280 കോടി രൂപയുടെ നഷ്ടമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. തണ്ണീര്‍ത്തടങ്ങളും കുളങ്ങളും നീര്‍ച്ചാലുകളും നികത്തുന്നതിനെതിരേ ജാഗ്രത പാലിക്കണം. നികത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും പിടിച്ചെടുക്കാന്‍ കൃഷി ഓഫിസര്‍മാര്‍ക്കും അധികാരം നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ജില്ലാ കാര്‍ഷിക മേള 'വിഭവം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രതിസന്ധികളുടെയും ഉത്തരവാദി കൃഷിവകുപ്പാണെന്നു പറയാനും പ്രചരിപ്പിക്കാനും താല്‍പര്യം കാണിക്കുന്നവരുണ്ടാകാം. കൃഷിവകുപ്പിനെ കൊണ്ടു മാത്രം ഇതു സാധ്യമല്ല. വെള്ളം പമ്പു ചെയ്യുന്നതിനും അതിനുള്ള വൈദ്യുതി ലഭിക്കുന്നതിനും ചണ്ടി നീക്കം ചെയ്യുന്നതിനും ഉള്‍െപ്പടെ പല പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കുന്നതിനു വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇതിനുള്ള ചുമതല ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തോടെ വരള്‍ച്ചാ പ്രതിസന്ധി ഇല്ലാത്തവിധം മുന്‍കരുതലെടുക്കണം. നിയമസഭാ സമ്മേളനം പൂര്‍ത്തിയാവുന്നതിനു മുമ്പ് ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാക്കുന്നതിനു കര്‍ഷകരുടെയും ഓഫിസര്‍മാരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും യോഗം ചേരും. അടുത്ത വര്‍ഷം മുതല്‍ ചണ്ടി വാരലിനുള്ള കരാര്‍ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ വഴി മൂന്നു ലക്ഷം രൂപവീതം പലിശരഹിത വായ്പ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നു മന്ത്രി വ്യക്തമാക്കി. കാര്‍ഷിക വിഭവങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി കയറ്റുമതിയിലൂടെയടക്കം കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനു വ്യവസായവകുപ്പിന്റെ മേല്‍നോട്ടത്തില്‍ 'വ്യാപാര്‍' മേളകളും സംഘടിപ്പിച്ചുവരുകയാണ്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ചു മൂന്നു ദിവസത്തെ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അഡ്വ. കെ രാജന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it